കുവൈത്ത് സിറ്റി– ഗാസയിലെ ഫലസ്തീനികൾക്കായി അടിയന്തിര ദുരിതാശ്വാസ സഹായ കാമ്പയിനിലൂടെ ഇതുവരെ 18ലക്ഷം കുവൈത്ത് ദിനാർ (ഏകദേശം 51.6 കോടി ഇന്ത്യൻ രൂപ) സമാഹരിച്ചതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ്. കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സാമൂഹിക കാര്യ മന്ത്രാലയം, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി(കെആർസിഎസ്) മറ്റു വിവിധ സംഘടനകൾ എന്നിവ സംയുക്തമായാണ് കാമ്പയ്ൻ ആരംഭിച്ചത്.
കുവൈത്ത് ഔഖാഫ് പബ്ലിക് ഫൗണ്ടേഷൻ ദുരിതാശ്വാസ നിധിയിലേക്ക് 5,00000 ലക്ഷം കുവൈത്ത് ദിനാർ(ഏകദേശം 14.33 കോടി ഇന്ത്യൻ രൂപ) പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കുന്ന കാമ്പയിൻ ഞായറാഴ്ചയാണ് ആരംഭിച്ചത്. സാഹേൽ ആപിലൂടെയും അംഗീകൃത ചാരിറ്റി വെബ്‌സൈറ്റിലൂടെയുമാണ് സഹായം സ്വീകരിക്കുന്നത്.
സമാഹരിച്ച സംഭാവനകൾ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഏകോപിപ്പിച്ച് ഈജിപ്ത്, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ പ്രധാന ദുരിതാശ്വാസ ഏജൻസികൾ വഴി ഗാസയിൽ എത്തിച്ച് വിതരണം ചെയ്യാനാണ് പദ്ധതി. ഇസ്രായിൽ ഉപരോധം കാരണം ഗാസയിൽ പട്ടിണി മരണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി രാജ്യങ്ങൾ സഹായവുമായി രംഗത്തു വന്നിരുന്നു. ആവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവും ആഹാരമില്ലാത്തതും വൻ ദുരന്ത സാധ്യത സൃഷ്ടിച്ചിരിക്കുന്ന അവസരത്തിലാണ് കുവൈത്തിന്റെ ഈ നടപടി.