കുവൈത്ത് സിറ്റി- പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ മഹ്മൂദ് ഹൈദറിന്റെ കുവൈത്ത് പൗരത്വം സർക്കാർ റദ്ദാക്കി. മുമ്പ് ഇറാൻ പൗരത്വം സ്വീകരിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇദ്ദേഹം വഴി പൗരത്വം ലഭിച്ച ആശ്രിതരുടെയും ബന്ധുക്കളുടെയും പൗരത്വവും ഇതോടെ റദ്ദായിട്ടുണ്ട്. രാജ്യത്തെ പൗരത്വ ഫയലുകൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് സർക്കാറിന്റെ ഈ നിർണായക നീക്കം.
മഹ്മൂദ് ഹൈദറിന് പുറമെ 415 പേരുടെ പൗരത്വം കൂടി റദ്ദാക്കിക്കൊണ്ട് ആറ് പുതിയ അമീരി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാജരേഖകൾ സമർപ്പിച്ചും നിയമവിരുദ്ധ മാർഗങ്ങളിലൂടെയും കുവൈത്ത് പൗരത്വം നേടിയവരെയും അവരുടെ ആശ്രിതരെയും കണ്ടെത്തി കഴിഞ്ഞ കുറച്ചുനാളുകളായി സർക്കാർ പൗരത്വത്തിൽ നിന്ന് ഒഴിവാക്കി വരികയാണ്.
പുതിയ ഉത്തരവുകളിലെ അഞ്ചെണ്ണത്തിൽ പൗരത്വം നഷ്ടമായ വ്യക്തികൾ വഴി ബന്ധുക്കൾക്ക് ലഭിച്ച പൗരത്വവും റദ്ദാക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിൽ ആദ്യ ഉത്തരവ് പ്രകാരം 6 പേരുടെയും, രണ്ടാമത്തെ ഉത്തരവിലൂടെ 286 പേരുടെയും പൗരത്വം പിൻവലിച്ചു. മൂന്നാമത്തെ ഉത്തരവിൽ 14, നാലാമത്തേതിൽ 25, അഞ്ചാമത്തേതിൽ 41, ആറാമത്തെ ഉത്തരവിൽ 43 എന്നിങ്ങനെയാണ് പൗരത്വം നഷ്ടമായവരുടെ കണക്കുകൾ.
രാജ്യത്തെ പൗരത്വ ഫയലുകൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനായി കുവൈത്ത് സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിനകം ആയിരക്കണക്കിന് ആളുകളുടെ പൗരത്വമാണ് ഇത്തരത്തിൽ റദ്ദാക്കിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







