കുവൈത്ത് സിറ്റി – മേഖലയിലെ പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണം കുവൈത്ത് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി ഒരു മാസത്തേക്ക് നിരോധിക്കുകയും ഭക്ഷ്യ ഉല്‍പന്നക്കളുടെ വില വര്‍ധിപ്പിക്കുന്നത് വിലക്കുകയും ചെയ്തു. എല്ലാത്തരം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഉസാമ ബൂദയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉപഭോക്താക്കളെ സംരക്ഷിക്കാനും പ്രാദേശിക വിപണികളില്‍ സ്ഥിരത വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കയറ്റുമതിക്ക് മന്ത്രിയില്‍ നിന്ന് മുന്‍കൂട്ടി നേരിട്ട് രേഖാമൂലം അനുമതി വാങ്ങണമെന്ന് ഉത്തരവ് പറയുന്നു.
2026 ലെ 20 -ാം നമ്പര്‍ മന്ത്രിതല ഉത്തരവ് ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കുന്നുവെന്ന് വാണിജ്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വിശദീകരിച്ചു. 1979 ലെ 10-ാം നമ്പര്‍ നിയമം പ്രകാരം നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതല്‍ ഒരു മാസത്തേക്ക് ഇത് പ്രാബല്യത്തിലുണ്ടാകും. ഇക്കാലത്ത് മന്ത്രാലയം വിപണികള്‍ നിരീക്ഷിക്കുകയും, വില സ്ഥിരത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനും നിയമ ലംഘകര്‍ക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യും. ഇതേ നടപടികളുടെ ഭാഗമായി, എല്ലാത്തരം ഭക്ഷ്യഉല്‍പ്പന്നങ്ങള്‍ക്കും നിശ്ചിത വില നിശ്ചയിക്കുന്ന 2026 ലെ മന്ത്രിതല ഉത്തരവ് (21) മന്ത്രി ഉസാമ ബൂദയ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഫെബ്രുവരി 28 ന് മുമ്പുള്ള വിലകള്‍ അനുവദനീയമായ പരമാവധി വില്‍പ്പന വിലയായിരിക്കും. ഇക്കാര്യത്തിലുള്ള നിയമ ലംഘനങ്ങളില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. തീരുമാനങ്ങള്‍ പ്രാബല്യത്തിലുണ്ടാകുന്ന കാലയളവില്‍ വിപണികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും, വില സ്ഥിരത ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.



