ദോഹ– രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ, കായിക, കലാ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞ് നിന്ന കെ. മുഹമ്മദ് ഈസ എന്ന ഈസക്ക ഏവർക്കും മാതൃകയാക്കാവുന്ന അനുകരണീയ വ്യക്തിത്വമായിരുന്നുവെന്ന് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പറഞ്ഞു. ഈസക്കയുടെ ഒന്നാം ഓർമ്മ ദിനത്തിൽ ‘മായാതെ മനസിലെന്നും…’ എന്ന പേരിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം കലയെയും സാംസ്കാരിക സംരംഭങ്ങളെയും അതിരറ്റ് സ്നേഹിക്കുകയും, അവശതയനുഭവിക്കുന്ന കലാകായിക താരങ്ങളുടെ ജീവിത സാഹചര്യങ്ങളിലേക്ക് കൂടി എത്തി നോക്കുന്നതായിരുന്നു ഈസക്കയുടെ പ്രകൃതമെന്നും, അവരെ ചേർത്ത് പിടിക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എച്ഛ് സെന്റർ, ബൈത്തുറഹ്മ തുടങ്ങി മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ അദ്ദേഹം തുല്യപ്രാധാന്യത്തോടെ കലാകാരന്മാരെയും പരിഗണിച്ചിരുന്നു.
കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബീദിൻ സഫാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ എപി മണികണ്ഠൻ, ഷാനവാസ് ബാവ, വേൾഡ് കെഎംസിസി നേതാക്കളായ എസ്എഎം ബഷീർ, അബ്ദുന്നാസർ നാച്ചി, ഹൈദർ ചുങ്കത്തറ, കെഎംസിസി ഖത്തർ മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് ഈസ്സക്കയുടെ മരുമകൻ ആസാദ് എന്നിവർ സംസാരിച്ചു.
ഈസ്സക്കയുടെ ജീവിതത്തിൻ്റെ പ്രധാന രേഖകളെ കോർത്തിണക്കി കെഎംസിസി കലാസാംസ്കാരിക സമിതി സമീക്ഷ ചെയർമാൻ മജീദ് നാദാപുരം തയ്യാറാക്കിയ ഈസക്ക അനുസ്മരണ വീഡിയോ ശ്രദ്ധേയമായി. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പിഎസ്എം ഹുസൈൻ നന്ദിയും പറഞ്ഞു. മുഹമ്മദ് സുഫിയാൻ ഖിറാഅത്ത് പാരായണവും, സലീം റഹ്‌മാനി പ്രാർത്ഥനയും നിർവഹിച്ചു.



