ജിദ്ദ – ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തുമെന്ന വാഗ്ദാനങ്ങള്‍ പാലിക്കാതെ ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണെന്ന് സൗദി അറേബ്യ. സൗദി അറേബ്യ, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍, അറബ്, ഇസ്‌ലാമിക, സൗഹൃദ രാജ്യങ്ങള്‍ എന്നിവക്കെതിരായ ഹീനമായ ഇറാന്‍ ആക്രമണങ്ങളെ സൗദി അറേബ്യ അതിശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ആക്രമണങ്ങള്‍ ഏതു സാഹചര്യത്തിലും അസ്വീകാര്യവും ന്യായീകരിക്കാന്‍ കഴിയാത്തതുമാണ്. തങ്ങളുടെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സുരക്ഷ എന്നിവ സംരക്ഷിക്കാനും ആക്രമണം തടയാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂര്‍ണ്ണ അവകാശം സൗദി അറേബ്യക്കുണ്ട്. സിവിലിയന്‍ ലക്ഷ്യങ്ങള്‍, വിമാനത്താവളങ്ങള്‍, എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുന്നത് സുരക്ഷക്കും സ്ഥിരതക്കും ഭീഷണി സൃഷ്ടിക്കാനുള്ള ഇറാന്റെ നിരന്തരമായ ഉദ്ദേശ്യമാണ് പ്രകടമാക്കുന്നത്. ഇത് അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനമാണ്.


അയല്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നും നേതൃത്വ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്തെന്നുമുള്ള ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന പാലിക്കപ്പെട്ടില്ല. ഇറാന്‍ പ്രസിഡന്റ് പ്രസ്താവന നടത്തുന്ന സമയത്തോ അതിനുശേഷമോ ഇത് ഇറാന്‍ പ്രായോഗികമായി നടപ്പാക്കിയിട്ടില്ല. ദുര്‍ബലമായ ന്യായീകരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇറാന്‍ ആക്രമണം തുടരുന്നത്. യുദ്ധത്തില്‍ പങ്കെടുക്കാനായി സൗദിയില്‍ നിന്ന് യുദ്ധവിമാനങ്ങളും ആകാശത്തു വെച്ച് യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്ന വിമാനങ്ങളും സൗദിയില്‍ നിന്ന് പുറപ്പെടുന്നുണ്ടെന്ന ഇറാന്‍ വാദങ്ങള്‍ ശരിയല്ലെന്ന് സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ മിസൈലുകളില്‍ നിന്നും ഡ്രോണുകളില്‍ നിന്നും സൗദി അറേബ്യയുടെയും ജി.സി.സി രാജ്യങ്ങളുടെയും വ്യോമാതിര്‍ത്തി സംരക്ഷിക്കാനും നിരീക്ഷിക്കാനുമാണ് ഈ വിമാനങ്ങള്‍ വ്യോമ പട്രോളിംഗ് നടത്തുന്നത് എന്നതാണ് യാഥാര്‍ഥ്യം.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ കാരണമാകുമെന്നും അത് ഇപ്പോഴും ഭാവിയിലും ഉഭയകക്ഷി ബന്ധങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ നിലവില്‍ ചെയ്യുന്നത് വിവേകമോ ദേശീയ താല്‍പ്പര്യമോ അല്ല. സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് ഏറ്റവും വലിയ നഷ്ടം വരുത്തുക ഇറാന് തന്നെയായിരിക്കുമെന്നും സൗദി വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് ഇറാന്‍ ഇന്ന് തൊടുത്തുവിട്ട ഏഴു ഡ്രോണുകള്‍ റുബ്ഉല്‍ഖാലി മരുഭൂമിയില്‍ വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. അല്‍ഖര്‍ജ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം ലക്ഷ്യമിട്ട് വിക്ഷേപിച്ച മൂന്നു ബാലിസ്റ്റിക് മിസൈലുകളും അല്‍ജൗഫിന് കിഴക്കു വെച്ച് മറ്റൊരു ഡ്രോണും റിയാദില്‍ രണ്ടു ഡ്രോണുകളും ഇന്ന് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും റിയാദിലും പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലും ശൈബ എണ്ണപ്പാടത്തും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇറാന്‍ ശ്രമിച്ചിരുന്നു.



