അബുദാബി – യു.എ.ഇയില്‍ ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 112 ആയി ഉയര്‍ന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണങ്ങളുടെ ഭാഗമായി യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശനിയാഴ്ച 15 ബാലിസ്റ്റിക് മിസൈലുകളും 119 ഡ്രോണുകളും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. മാര്‍ച്ച് 7 ന് വ്യോമ പ്രതിരോധം 16 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. അവയില്‍ 15 എണ്ണം തകര്‍ത്തു. ഒരു മിസൈല്‍ കടലില്‍ പതിച്ചു. 121 ഡ്രോണുകളും അധികൃതര്‍ കണ്ടെത്തി. ഇതില്‍ 119 എണ്ണം തടഞ്ഞു. രണ്ടെണ്ണം യു.എ.ഇയുടെ ഭൂപ്രദേശത്തിനുള്ളില്‍ പതിച്ചു. എട്ടു ദിവസം മുമ്പ് ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം യു.എ.ഇ 221 ബാലിസ്റ്റിക് മിസൈലുകള്‍ കണ്ടെത്തി. അവയില്‍ 205 എണ്ണം നശിപ്പിച്ചു. 14 എണ്ണം കടലില്‍ പതിച്ചു. രണ്ടെണ്ണം രാജ്യത്തിനുള്ളില്‍ വീണു. ആക്രമണങ്ങളുടെ തുടക്കം മുതല്‍ 1,305 ഡ്രോണുകളും കണ്ടെത്തി. ഇതില്‍ 1,229 എണ്ണം തടഞ്ഞു. 76 എണ്ണം രാജ്യത്തിനകത്ത് പതിച്ചു. എട്ട് ക്രൂയിസ് മിസൈലുകളും കണ്ടെത്തി തകര്‍ത്തു.
ആക്രമണങ്ങളില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും യു.എ.ഇ ഈജിപ്ത്, എത്യോപ്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്‍ബൈജാന്‍, യെമന്‍, ഉഗാണ്ട, എരിത്രിയ, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കൊമറോസ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 112 പേര്‍ക്ക് നിസ്സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.
രാജ്യത്തിനെതിരായ ഭീഷണികള്‍ നേരിടാന്‍ പൂര്‍ണ്ണമായും സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദേശീയ താല്‍പ്പര്യങ്ങളും സ്വത്തുവകകളും സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, സ്ഥിരത എന്നിവക്ക് ഭീഷണിയാകുന്ന ഏതൊരു നടപടിയോടും സായുധ സേന നിര്‍ണ്ണായകമായി പ്രതികരിക്കാന്‍ തയ്യാറാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.



