തെഹ്റാൻ– ഹോർമുസ് കടലിടുക്കിലെ ഖെഷം ദ്വീപിന് സമീപം വെച്ച് അമേരിക്കയുടെ നിരീക്ഷണ ഡ്രോണുകൾ വെടിവെച്ചിടുകയും പിടിച്ചെടുക്കുകയും ചെയ്തതായി ഇറാൻ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി തള്ളി.
ഹോർമുസ് കടലിടുക്കിന് കിഴക്ക് വെച്ച് എം.ക്യു-9 ഡ്രോണും, ഖെഷ്മിന് തെക്ക് വെച്ച് എം.ക്യു.എം-170 ഡ്രോണും വെടിവെച്ചിട്ടതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇലക്ട്രോണിക് യുദ്ധമുറ ഉപയോഗിച്ച് മറ്റൊരു ഡ്രോണും ആളില്ലാ കപ്പലും തകർത്തതായും ഇറാൻ അവകാശപ്പെട്ടു. എന്നാൽ മേഖലയിലുള്ള തങ്ങളുടെ എല്ലാ ആളില്ലാ വിമാനങ്ങളും കപ്പലുകളും സുരക്ഷിതമാണെന്ന് പെന്റഗണും യു.എസ് സെൻട്രൽ കമാൻഡും അറിയിച്ചു.
ഖെഷം ദ്വീപിൽ സ്ഫോടനങ്ങൾ
ഖെഷം ദ്വീപിൽ തുടർച്ചയായി അഞ്ച് ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദ്വീപിന് മുകളിലൂടെ യുദ്ധവിമാനങ്ങൾ പറന്നതായും ബന്ദർ ലെംഗെക്ക് സമീപമുള്ള കടൽഭാഗത്തും സ്ഫോടനങ്ങൾ നടന്നതായും വിവരമുണ്ട്. എന്നാൽ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഖെഷം ദ്വീപിന് സമീപം രണ്ട് ഇറാനിയൻ മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ അമേരിക്കൻ ആക്രമണമുണ്ടായതായും ഇതിൽ ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥർ ആരോപിച്ചു. മേഖലയിൽ പിരിമുറുക്കം ശക്തമാകുന്നതിനിടെ, ശത്രുക്കളുടെ ഏത് ഭീഷണിക്കും ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ സായുധ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.



