കുവൈത്ത് സിറ്റി – കുവൈത്തി വനിതയുടെ വിവാഹ വാഗ്ദാനത്തില്‍ മയങ്ങി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ ഇന്ത്യക്കാരന് പത്തു വര്‍ഷം തടവ്
ശിക്ഷ വിധിച്ച് കുവൈത്ത് അപ്പീല്‍ കോടതി. കുവൈത്തിലെ പ്രശസ്തമായ ജ്വല്ലറിയില്‍ നിന്ന് 25 കോടിയോളം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവരുകയും പണംവെളുപ്പിക്കുകയും ചെയ്ത കേസിലാണ് ജ്വല്ലറി സെയില്‍സ്മാനായ ഇന്ത്യക്കാരനെ കോടതി ശിക്ഷിച്ചത്. കേസിലെ കൂട്ടുപ്രതിയായ കുവൈത്തി യുവതിയെ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന ആഭരണങ്ങളുടെ വിലയായ 8,09,000 (24,87,67,500 ഇന്ത്യന്‍ രൂപ) ഇരുവര്‍ക്കും കോടതി പിഴ ചുമത്തിയിട്ടുമുണ്ട്. മതിയായ തെളിവുകളില്ലാത്തതിനാല്‍ യുവതിയുടെ മകളെ കോടതി കുറ്റവിമുക്തയാക്കി. നേരത്തെ കീഴ്‌ക്കോടതി മകളെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
കുവൈത്തി യുവതിയുമായും മകളുമായും ഗൂഢാലോചന നടത്തി, ജ്വല്ലറിയിലെ സെയില്‍സ്മാനായ ഇന്ത്യക്കാരന്‍ രണ്ടു വര്‍ഷം മുമ്പ് ജ്വല്ലറിയില്‍ നിന്ന് എട്ടു ലക്ഷത്തിലേറെ കുവൈത്തി ദീനാര്‍ വിലയുള്ള ആഭരണങ്ങള്‍ കവരുകയായിരുന്നു. ഈ ആഭരണങ്ങള്‍ പിന്നീട് പിടികിട്ടാപ്പുള്ളിയായ പാകിസ്ഥാനിക്ക് വിപണി വിലയിലും കുറഞ്ഞ വിലക്ക് ഇന്ത്യക്കാരന്‍ വിറ്റ് കാശാക്കി. പാകിസ്ഥാനിയുടെ അഭാവത്തില്‍ അപ്പീല്‍ കോടതി അയാളെ പത്തു വര്‍ഷം തടവിന് ശിക്ഷിച്ചു.
ആഭരണങ്ങള്‍ കവരാന്‍ കുവൈത്തി വനിതയും മകളും താനും തമ്മില്‍ കരാറുണ്ടാക്കിയിരുന്നെന്നും തന്നെ വിവാഹം ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് കുറ്റകൃത്യം തുടരാന്‍ കുവൈത്തി വനിത തന്നെ പ്രേരിപ്പിച്ചതെന്നും ഇന്ത്യക്കാരൻ പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങള്‍ പാകിസ്ഥാനിക്ക് വിറ്റതിലൂടെ ലഭിച്ച പണം കുവൈത്തി വനിതക്കും മകള്‍ക്കും കൈമാറിയെന്നും ഇന്ത്യക്കാരന്‍ അന്വേഷണത്തിനിടെ വെളിപ്പെടുത്തിയിരുന്നു.



