കുവൈത്ത് സിറ്റി– മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം വീല്‍ചെയറില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ രണ്ടു ഇന്ത്യക്കാര്‍ അറസ്റ്റില്‍. മുബാറക് ഹോസ്പിറ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ കേസിന് സുരക്ഷാ വകുപ്പുകള്‍ തുമ്പുണ്ടാക്കിയാണ് സംഭവത്തിന് പിന്നിലെ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. മരണപ്പെട്ട സുഹൃത്തിന്റെ മൃതദേഹം രണ്ടു ഇന്ത്യക്കാര്‍ ചേര്‍ന്ന് വീല്‍ചെയറില്‍ മുബാറക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീല്‍ചെയര്‍ ആശുപത്രി തൊഴിലാളിയെ ഏല്‍പിച്ച് ഇരുവരും സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. അസാധാരണ രീതിയില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവം സംശയം ഉയര്‍ത്തുകയും സുരക്ഷാ വകുപ്പുകള്‍ ഉടന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഫോറന്‍സിക് പരിശോധനയില്‍ ഇന്ത്യക്കാരന്‍ സ്വാഭാവിക രീതിയിലാണ് മരണപ്പെട്ടതെന്ന് വ്യക്തമായി. കാലഹരണപ്പെട്ട വിസകളില്‍ കുവൈത്തില്‍ കഴിയുന്നതിനാല്‍ മരണം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാനും മെഡിക്കല്‍ സഹായം തേടാനും ഭയന്നതാണ് സുഹൃത്തിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ചതെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായി.
സുഹൃത്ത് മരണപ്പെട്ടതോടെ രണ്ടു പേരും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ മൃതദേഹം മുബാറക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടാകില്ല എന്ന് ഇരുവരും വിശ്വസിച്ചു. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാത്ത നിലക്ക് ഇരുവരും ആശുപത്രി പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്തു. സംഘത്തില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി വീല്‍ചെയറുമായി എത്തി മൃതദേഹം വീല്‍ചെയറില്‍ വെച്ചു. ഈ സമയം രണ്ടാമന്‍ വാഹനത്തില്‍ തന്നെ ഇരുന്നു. ആദ്യത്തെയാള്‍ ആശുപത്രി ജീവനക്കാരനെ സമീപിച്ച് രോഗിയെ അടിയന്തിരമായി ഡോക്ടറുടെ അടുത്തെത്തിക്കാന്‍ സഹായം തേടി. വീല്‍ചെയര്‍ ആശുപത്രി തൊഴിലാളിയെ ഏല്‍പിച്ചയുടന്‍ ഇരുവരും ആശുപത്രി പരിസരത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
വീല്‍ചെയറിലുള്ളയാളുടെ മരണം സംഭവിച്ചിട്ടുണ്ടെന്ന് പിന്നീട് തിരിച്ചറിഞ്ഞ ആശുപത്രി ജീവനക്കാരന്‍ ഇതേ കുറിച്ച് അധികൃതരെ അറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച സുരക്ഷാ വകുപ്പുകള്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.



