ജിദ്ദ- ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകാൻ മൂന്ന് കോടി രൂപയുടെ ‘രിഫാഈ കെയർ’ പദ്ധതിയുമായി ഐസിഎഫ് രംഗത്ത്. ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പരിചരണവും സഹായവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യ ദൗത്യം ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ ആയിരം കുടുംബങ്ങളെ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രതിമാസം 2500 രൂപ വീതം വർഷത്തിൽ 30,000 രൂപയുടെ ധനസഹായം ലഭ്യമാക്കും. പ്രവാസി കുടുംബങ്ങളിലെ കുട്ടികൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്.
ഇതിനുപുറമെ, പ്രവാസികളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഐസിഎഫ് കെയർ’ എന്ന പേരിൽ മറ്റൊരു പദ്ധതിയും സംഘടന സജീവമായി നടപ്പിലാക്കുന്നുണ്ട്. മാരക രോഗങ്ങൾ പിടിപെട്ടവർക്ക് മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സാ സഹായവും, അകാല മരണം സംഭവിക്കുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ധനസഹായവും ഈ സ്കീമിലൂടെ നൽകിവരുന്നു. സഹജീവി സ്നേഹത്തിൽ അധിഷ്ഠിതമായ ഐസിഎഫിന്റെ ഈ പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിലെ നിരവധി കുടുംബങ്ങൾക്കാണ് താങ്ങും തണലുമാകുന്നത്. ഐസിഎഫ് നാഷണൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം, ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എറണാകുളം, വെൽഫെയർ സെക്രട്ടറി ലുഖ്മാൻ പാഴൂർ, പിആർ ആൻഡ് മീഡിയ സെക്രട്ടറി അഷ്‌റഫലി എംകെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



