ജിദ്ദ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഹജ് തീർത്ഥാടകരുടെ സുഗമമായ യാത്രയും സൗകര്യവും ലക്ഷ്യമിട്ട് മക്കയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് മക്ക ഇഖാമയില്ലാത്തവരെ വിലക്കി കഴിഞ്ഞ ദിവസം സൗദി സർക്കാർ നിയന്ത്രണം ഉത്തരവിട്ടിരുന്നു. മക്കയിലേക്ക് പ്രവേശിക്കുന്നതിന് സർക്കാർ സേവനങ്ങൾ നൽകുന്ന അബ്ഷിർ പ്ലാറ്റ്ഫോം വഴി അനുമതി പത്രം വിതരണം ചെയ്യുമെന്നും ഔദ്യോഗിക അറിയിപ്പിലുണ്ടായിരുന്നു. മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം നേടുന്നത് എങ്ങിനെയാണെന്ന് അബ്ഷിർ ഔദ്യോഗികമായി അറിയിച്ചു.
തികച്ചും ലളിതമായ നടപടിക്രമങ്ങളിലൂടെ അനുമതി പത്രം സ്വന്തമാക്കാം.
മുഖീം വഴി അനുമതി പത്രം ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ ഇവയാണ്.
1)പെർമിറ്റ് റിക്വസ്റ്റ് എന്ന ഭാഗം സെലക്ട് ചെയ്യുക
2)പെർമിറ്റ് ആഡ് ചെയ്യുക
3)ആവശ്യമായ വിവരങ്ങൾ നൽകുക.
4)പെർമിറ്റ് അനുവദിക്കേണ്ട ആളെ സെല്ക്ട് ചെയ്യുക.
5)ആവശ്യമായ രേഖകൾ സമർപ്പിക്കുക
6)അപേക്ഷ സമർപ്പിക്കുക.
ഇത്രയും കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ അപേക്ഷയിൽ തുടർനടപടികൾ ആരംഭിക്കും. അനുമതി പത്രം അനുവദിച്ചാൽ അക്കാര്യം ഇ-മെയിൽ വഴി അറിയിക്കും.
സൗദികളല്ലാത്ത കുടുംബാംഗങ്ങൾക്ക് മക്കയിൽ പ്രവേശിക്കാൻ അബ്ഷിർ വഴി അനുമതി പത്രം ലഭിക്കും. അതിനുള്ള നടപടിക്രമങ്ങൾ ഇങ്ങിനെയാണ്.
1)അബ്ഷിർ പ്ലാറ്റ്ഫോം ഓപ്പണാക്കിയ ശേഷം ഇലക്ട്രോണിക്സ് സേവനങ്ങൾ എന്ന വിൻഡോ സെലക്ട് ചെയ്യുക.
2)സർവീസ് ഓഫ് ഫാമിലി മെമ്പേഴ്സ് എന്ന വിൻഡോയിൽ ക്ലിക്ക് ചെയ്യുക.
3)എൻട്രി പെർമിറ്റ് ടു മക്ക എന്ന ഭാഗം സെലക്ട് ചെയ്യുക
4)ക്രിയേറ്റ് ടു പെർമിറ്റ് റിക്വസ്റ്റ് എന്ന വിൻഡോ സെലക്ട് ചെയ്യുക.
കാലാവധിയുള്ള ഇഖാമയുള്ളവർക്കും നിലവിൽ സൗദിയിലുള്ളവർക്കും മാത്രമേ അനുമതി പത്രം ലഭിക്കുകയുള്ളൂ. റീ എൻട്രിയിൽ വിദേശത്ത് കഴിയുന്നവർക്ക് പെർമിറ്റ് അനുവദിക്കില്ല.
അപേക്ഷ നൽകിയതിന് ശേഷം പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. അപേക്ഷ പാസായാൽ അബ്ഷിർ പ്ലാറ്റ്ഫോമിലൂടെ തന്നെ വിവരം അറിയിക്കും. തൊഴിലുടമയാണ് തന്റെ കീഴിലുള്ള ജീവനക്കാരന് പെർമിറ്റ് അനുവദിക്കാൻ അപേക്ഷ നൽകേണ്ടത്.
മക്കയിൽനിന്ന് ഇഷ്യു ചെയ്ത ഇഖാമയില്ലാത്തവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനാണ് അനുമതി ആവശ്യമായുള്ളത്. മക്കയിൽ ആസ്ഥാനമുള്ള കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മറ്റിടങ്ങളിൽനിന്ന് ഇഷ്യൂ ചെയ്ത ഇഖാമയുള്ള തങ്ങളുടെ ജീവനക്കാരെ മക്കയിലേക്ക് എത്തിക്കുന്നതിനാണ് അനുമതി പത്രം നൽകുന്നത്.
.