ജിസാൻ- മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.
ഇന്നലെ രാവിലെ കടയിൽ വെച്ച് നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് അൽആർദ്ദ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മജീദിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വൈകുന്നേരത്തോടെ ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
കഴിഞ്ഞ പതിനാലു വർഷമായി സൗദിയിലുള്ള മജീദ് കുറച്ചുകാലം ജിദ്ദയിലും ജോലി ചെയ്തിട്ടുണ്ട്. അബ്ദുൾ മജീദ് വിവാഹിതനാണ്. സുമയ്യയാണ് ഭാര്യ. കുട്ടികളില്ല. ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിസാനിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികളുമായി മജീദിന്റ സഹോദരൻ സിറാജും കെഎംസിസി വെൽഫെയർ വിങ്ങും രംഗത്തുണ്ട്. അബ്ദുൾ മജീദിൻ്റെ ആകസ്മിക വിയോഗത്തിൽ കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി അനുശോചനം അറിയിച്ചു.