ദോഹ – ഗാസ മുനമ്പില്‍ ആയുധങ്ങള്‍ ഉപേക്ഷിക്കാനും വിദേശ ഭരണം അംഗീകരിക്കാനും ഹമാസ് തയാറല്ലെന്ന് ഹമാദ് പൊളിറ്റിക്കല്‍ ബ്യൂറോ തലവനായ ഖാലിദ് മിശ്അല്‍ വ്യക്തമാക്കി. ചെറുത്തുനില്‍പ്പിനെയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ ആയുധങ്ങളെയും ചെറുത്തുനില്‍പ്പില്‍ ഏര്‍പ്പെടുന്നവരെയും കുറ്റകരമാക്കുന്നത് അസ്വീകാര്യമാണെന്ന് 17-ാമത് ദോഹ ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഖാലിദ് മിശഅല്‍ കൂട്ടിച്ചേര്‍ത്തു. അധിനിവേശം ഉള്ളിടത്തോളം കാലം ചെറുത്തുനില്‍പ്പും ഉണ്ടാകും. പ്രതിരോധം അധിനിവേശത്തിനു കീഴില്‍ കഴിയുന്ന ജനങ്ങളുടെ അവകാശമാണ്. അത് അന്താരാഷ്ട്ര നിയമത്തിന്റെയും ദൈവീകനിയമത്തിന്റെയും രാഷ്ട്രങ്ങളുടെ ഓര്‍മ്മയുടെയും ഭാഗമാണ്. തങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണത്തിനും ഗാസയിലെ 22 ലക്ഷത്തോളം വരുന്ന നിവാസികള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും അനുവദിക്കുന്ന സന്തുലിതമായ സമീപനം സ്വീകരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള സമാധാന ബോര്‍ഡിനോട് ഖാലിദ് മിശ്അല്‍ ആവശ്യപ്പെട്ടു.
അതേസമയം, ഗാസ ഭരണത്തിന് ചുമതലപ്പെടുത്തിയ ദേശീയ സമിതിയുടെ ഗാസയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുന്നത് ഇസ്രായില്‍ തുടരുകയാണെന്ന് ഫതഹ് പ്രസ്ഥാനം ആരോപിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്ത ഘട്ടം നടപ്പക്കാനുള്ള ഇസ്രായിലിന്റെ വിസമ്മതമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഫതഹ് പറഞ്ഞു.



