മക്ക– ഈ വർഷത്തെ ഹജ് സീസണിലെ തിരക്കേറിയ ദിവസങ്ങളിൽ ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേയിൽ പ്രതിദിനം 142-ലധികം സർവീസുകൾ നടത്തുമെന്ന് സൗദി അറേബ്യ റെയിൽവേസ് വക്താവ് ഖാലിദ് അൽഫർഹാൻ അറിയിച്ചു. ദുൽകിഅ്ദ മാസം ആരംഭിച്ചത് മുതൽ ഇതുവരെ 2,900 സർവീസുകളിലായി 6,70,000-ൽ അധികം യാത്രക്കാർക്ക് ഹറമൈൻ ട്രെയിൻ മികച്ച സേവനം നൽകിക്കഴിഞ്ഞു.
തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങളോടെയുള്ള പ്രത്യേക പ്രവർത്തന പദ്ധതിയാണ് ഇത്തവണ റെയിൽവേ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഹജ് സീസണിലുടനീളം 5,300-ലധികം സർവീസുകളിലായി 22 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണത്തിൽ 2,10,000-ന്റെ വർധനവുണ്ട്. സർവീസുകളുടെ എണ്ണത്തിൽ 11 ശതമാനത്തിലധികം വർധനവോടെ മൊത്തം സർവീസുകൾ 5,308 ആയി ഉയരും.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ഖാലിദ് അൽഫർഹാൻ വ്യക്തമാക്കി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രാലയം, ഹജ്-ഉംറ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള വിവിധ സുരക്ഷാ-ഭരണവിഭാഗങ്ങളുമായി സഹകരിച്ചാണ് റെയിൽവേ പ്രവർത്തന പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തി ഇത്തവണ സർവീസ് ഷെഡ്യൂളുകൾ പരിഷ്കരിക്കുകയും, അറ്റകുറ്റപ്പണി നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ ലോകത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളിൽ ഒന്നാണ്. 453 കിലോമീറ്റർ നീളമുള്ള ട്രാക്കിലൂടെ ജിദ്ദ, റാബിഗ് എന്നിവടങ്ങൾ പിന്നിട്ട് മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഈ റെയിൽവേ, പുണ്യനഗരങ്ങൾക്കിടയിലെ യാത്രാസമയം വെറും 2 മണിക്കൂറും 15 മിനിറ്റുമായി ചുരുക്കുന്നു. വരും ദിവസങ്ങളിൽ തീർഥാടകരുടെ തിരക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിൽ സർവീസുകളുടെ എണ്ണം പരമാവധി പ്രവർത്തനക്ഷമതയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് സൗദി റെയിൽവേയുടെ പ്രതീക്ഷ.



