റിയാദ്- സൗദി അറേബ്യയിലെ റിയാദിൽ വാനിനുള്ളിൽ (ഡൈന) മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശി ഷാജഹാൻ ഖുറൈശി ആക്കപ്പറമ്പിലിന്റെ (44) ഖബറടക്കം ബുധനാഴ്ച നടന്നു. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് സ്വദേശിയായ ഇദ്ദേഹം സുലൈയിൽ ഡൈന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹത്തെ ജോലി ചെയ്തിരുന്ന വാഹനത്തിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ഷാജഹാനെ കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വാഹനത്തിലെ ജി.പി.എസ് (GPS) പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചപ്പോഴാണ് മൃതദേഹം ശുമേസി മോർച്ചറിയിലേക്ക് മാറ്റിയ വിവരം അറിയുന്നത്. വാഹനത്തിന്റെ വാതിൽ അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നതായും സിവിൽ ഡിഫൻസ് എത്തിയാണ് വാതിൽ തുറന്നതെന്നും പോലീസ് അറിയിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന തരത്തിൽ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടത്തിലും മരണകാരണത്തിൽ അസ്വാഭാവികതകളൊന്നും കണ്ടെത്താനായില്ല. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ കൃത്യമായി പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടാൻ സഹായിച്ച അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിഭാഗം, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ പറഞ്ഞു. വാസ്തവവിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മുഹമ്മദാലി ആക്കപ്പറമ്പിൽ – കദീജ ദമ്പതികളുടെ മകനാണ് ഷാജഹാൻ. ഫസീല കാട്ടുങ്ങൽ ആണ് ഭാര്യ. ഷമീം, ഷഹീൻ, ഫാത്തിമ സന എന്നിവർ മക്കളാണ്. ബഷീർ, ശിഹാബ് എന്നിവർ സഹോദരങ്ങളാണ്. റിയാദിലെ അൽ രാജ്ഹി പള്ളിയിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഷബീർ കളത്തിൽ, സാദ്‌വ (SADWA) പ്രതിനിധികളായ ഷംസുദ്ദീൻ, ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ (ശുമേസി) മോർച്ചറിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്.



