ദുബൈ– യുഎഇയിൽ വെച്ച് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. നിശ്ചയിച്ചിട്ടുള്ള അംഗീകൃത തുകയേക്കാൾ കൂടുതൽ വാങ്ങി ഏജന്റുമാർ നടത്തുന്ന തട്ടിപ്പിൽ ജാഗ്രത വേണമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇത് സംബന്ധിച്ച് കോൺസുലേറ്റ് നേരെത്തെയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ കൂടുതൽ നിരക്ക് ഈടാക്കുന്നതായി പ്രവാസികൾക്കിടയിൽ പരാതികൾ ഉയർന്നതോടെയാണ് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിന്(ഐ.സി.ഡബ്ല്യു.എഫ്) കീഴിൽ പ്രവർത്തിക്കുന്ന സാമൂഹിക കൂട്ടായ്മകളുടെ പാനൽ വഴി കോൺസുലേറ്റ് മൃതദേഹം കൊണ്ടുപോകുന്നതിന് സഹായം അനുവദിക്കുന്നുണ്ട്. ഇന്ത്യൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡപ്രകാരം മരിച്ചയാൾക്ക് തൊഴിലുടമ അല്ലെങ്കിൽ സ്പോൺസർ ഇല്ലെങ്കിലും, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുന്ന ഇൻഷുറൻസ് പോളിസിയില്ലെങ്കിലുമാണ് ഈ സഹായം ലഭിക്കുക. ഈ സാഹചര്യത്തിൽ മരിച്ചയാളുടെ കുടുംബം ഒരു ചെലവും വഹിക്കേണ്ടതില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറഞ്ഞു.
യുഎഇ നിയമപ്രകാരം മരിച്ച ജീവനക്കാരന്‍റെ കുടുംബം ആവശ്യപ്പെട്ടാൽ മൃതദേഹം ജന്മനാട്ടിലോ, താമസസ്ഥലത്തോ എത്തിക്കാനുള്ള എല്ലാ ചെലവും തൊഴിലുടമ വഹിക്കണമെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.
എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും ഇന്ത്യൻ കോണസുലേറ്റിനെ +971507347676 (മൊബൈൽ/വാട്സ്ആപ്) എന്ന നമ്പറിലോ, 80046342 (ടോൾഫ്രീ) എന്ന ഹെല്പ്ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.