ദോഹ: ഖത്തറിലെ പ്രമുഖ വ്യാവസായിക മേഖലയായ റാസ് ലഫാനിലെ ഫാക്ടറിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാതക ചോർച്ചയോ മറ്റ് അപകടകരമായ പദാർത്ഥങ്ങളുടെ പുറന്തള്ളലോ രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഫാക്ടറിക്ക് അകത്താണ് സ്ഫോടനം സംഭവിച്ചത്.
ഞായറാഴ്ച രാത്രിയോടെയുണ്ടായ സംഭവത്തെക്കുറിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടത്. വിവരം ലഭിച്ചയുടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
മുൻകരുതൽ പരിശോധനകൾക്കും അപകടത്തിന്റെ കൃത്യമായ കാരണം വിലയിരുത്തുന്നതിനുമായി അടിയന്തര രക്ഷാപ്രവർത്തകർ ഇപ്പോഴും സംഭവസ്ഥലത്ത് തുടരുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നുള്ള ആഭ്യന്തര പ്രശ്നമാണിതെന്നും മറ്റ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.



