തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകട മരണക്കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ രക്തം പുരണ്ട വസ്ത്രം മാറ്റിയെന്ന് സാക്ഷി മൊഴി. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. രക്തം പുരണ്ട വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടു പോയി വെച്ച ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ചാണ് ശ്രീറാമിനെ കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്നും പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് മൊഴി നല്‍കി. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ചിരുന്ന രക്തം പുരണ്ട ടി ഷര്‍ട്ടും ജീന്‍സും പിന്നീട് പോലിസിന് എടുത്തുനല്‍കിയെന്ന് ശ്രീറാമിന്റെ മറ്റൊരു സുഹൃത്തായ പതിനൊന്നാം സാക്ഷി അമരീന്ദ്ര സിംഗും മൊഴി നല്‍കി.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പോലിസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലിസിന്റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി എസ് രാജേഷ് കോടതിയില്‍ ഹാജരായി.







