ജിദ്ദ- സൗദി അറേബ്യയിലെ അതിവേഗം വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റെഡ് സീ മേഖലയിലേക്ക് യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് അബുദാബിയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. വർഷം മുഴുവനും ലഭ്യമാകുന്ന പുതിയ റൂട്ടിലെ ആദ്യ വിമാനം കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.05ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.
തുടക്കത്തിൽ ആഴ്ചയിലൊരിക്കൽ (ഞായറാഴ്ചകളിൽ) മാത്രമായിരിക്കും സർവീസ്. ഒക്ടോബർ 25 മുതൽ വ്യാഴം, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകളായി വർധിപ്പിക്കും. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ യാത്ര യു.എ.ഇയിൽ നിന്നുള്ള സഞ്ചാരികൾക്ക് റെഡ് സീ തീരത്തേക്ക് നേരിട്ടെത്താൻ അവസരമൊരുക്കും. ഇത്തിഹാദിന്റെ ആഗോള ശൃംഖല വഴിയെത്തുന്ന യാത്രക്കാർക്കും ഇത് സൗകര്യപ്രദമാകും.
സൗദിയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്‌സ്
റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട്, റെഡ് സീ ഗ്ലോബൽ, സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാം എന്നിവയുടെ പ്രതിനിധികൾ ചേർന്ന് കന്നി വിമാനത്തെ സ്വീകരിച്ചു. റെഡ് സീ, അമാല തുടങ്ങിയ പ്രധാന ടൂറിസം പദ്ധതികളുടെ പ്രവേശന കവാടമായാണ് ഡി.എ.എ ഇന്റർനാഷണൽ പ്രവർത്തിപ്പിക്കുന്ന ഈ വിമാനത്താവളം വികസിപ്പിക്കുന്നത്.
ഇത്തിഹാദിന്റെ വരവ് വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ശൃംഖല വിപുലീകരിക്കുന്നതിൽ നിർണായകമാണെന്ന് റെഡ് സീ ഇന്റർനാഷണൽ എയർപോർട്ട് ചീഫ് കൊമേഴ്സ്യൽ ഓഫീസർ മൈക്കൽ വൈറ്റ് പറഞ്ഞു. സൗദി അറേബ്യയിൽ ഇത്തിഹാദ് സർവീസ് നടത്തുന്ന ആറാമത്തെ ലക്ഷ്യസ്ഥാനമാണ് റെഡ് സീ. പ്രധാനപ്പെട്ട പ്രാദേശിക വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഇത്തിഹാദ് ചീഫ് റവന്യൂ ആൻഡ് കൊമേഴ്സ്യൽ ഓഫീസർ അരിക് ഡി വ്യക്തമാക്കി.
നിലവിൽ റിയാദ്, ജിദ്ദ, ദുബായ്, ദോഹ, മിലാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റെഡ് സീ എയർപോർട്ടിലേക്കുണ്ട്. പ്രതിവർഷം ഏകദേശം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ് ഈ വിമാനത്താവളം.







