ദുബായ്- ദുബായ് ഗ്ലോബൽ വില്ലേജ് 31-ാമത് സീസൺ 2026 ഒക്ടോബർ 14 മുതൽ ആരംഭിക്കും. 2027 മെയ് മാസം വരെ നീണ്ടുനിൽക്കുന്ന രീതിയിലാണ് പുതിയ സീസൺ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ അത്ഭുതങ്ങൾ നിറഞ്ഞ ലോകം എന്ന പ്രമേയവുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് അതിഥികളെ വരവേൽക്കുന്നത്.
വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങൾ വിളിച്ചോതുന്ന പവലിയനുകൾ, വൈവിധ്യമാർന്ന ആഗോള ഭക്ഷണശാലകൾ, ലൈവ് സംഗീത പരിപാടികൾ, സ്റ്റണ്ട് ഷോകൾ, കുട്ടികൾക്കായുള്ള വിനോദങ്ങൾ, കാർണിവൽ റൈഡുകൾ, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയവ ഗ്ലോബൽ വില്ലേജിന്റെ വർണാഭമാക്കും.
ഭക്ഷ്യ രംഗത്തെ സംരംഭകർക്ക് ഗ്ലോബൽ വില്ലേജിൽ പുതിയ സ്റ്റാളുകളോ കഫേകളോ ആരംഭിക്കുന്നതിനുള്ള റജിസ്ട്രേഷൻ തീയതി സെപ്റ്റംബർ 16 വരെ നീട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകളും പ്രവർത്തന സമയവും അടക്കമുള്ള കൂടുതൽ വിവരങ്ങൾ ഗ്ലോബൽ വില്ലേജ് ഔദ്യോഗിക പേജിലൂടെ പുറത്തുവിടും.
1997ൽ ആരംഭിച്ചതു മുതൽ ഇതുവരെ 10 കോടിയിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലെത്തിയത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് എക്സിറ്റ് 37ലാണ് ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത്. മെട്രേ ട്രെയിൻ, ബസ് സർവീസുകളും ഇവിടേക്ക് ലഭ്യമാണ്.







