ദുബൈ -ദുബൈ മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈനിന്റെ തുരങ്ക നിർമ്മാണ പ്രവർത്തനങ്ങൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കം കുറിച്ചു. ലോകത്തിലെ ഏറ്റവും പുതിയതും മനോഹരവുമായ മെട്രോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പദ്ധതി 20.5 ബില്യൺ ദിർഹം ചെലവഴിച്ചാണ് പൂർത്തിയാക്കുന്നത്. 2029 സെപ്റ്റംബർ 9-ന് ബ്ലൂ ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയിലെ നിക്ഷേപം യഥാർത്ഥത്തിൽ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ആഗോള നിലവാരത്തിലുള്ള കൃത്യമായ പ്ലാനിംഗിലൂടെയും 180-ഓളം റെയിൽവേ വിദഗ്ധരുടെയും എഞ്ചിനീയർമാരുടെയും മേൽനോട്ടത്തിലുമാണ് ഈ സുസ്ഥിര നഗര വികസന പദ്ധതി നടപ്പിലാക്കുന്നത്.
ഇന്റർനാഷണൽ സിറ്റി 1 സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ മത്താർ അൽ തായർ ഭരണാധികാരിയെ സ്വീകരിച്ചു. തുരങ്കം തുരക്കുന്ന ഭീമൻ യന്ത്രമായ അൽ വുഗൈഷ പ്രവർത്തിപ്പിക്കാനുള്ള സിഗ്നൽ നൽകിക്കൊണ്ടാണ് നിർമ്മാണത്തിന് തുടക്കമിട്ടത്. ഇന്റർനാഷണൽ സിറ്റി 1 സ്റ്റേഷനിൽ നിന്ന് മൂന്ന് ദിശകളിലേക്കാണ് തുരങ്ക നിർമ്മാണം നടക്കുന്നത്. ഒരു യന്ത്രം മിർദിഫിലേക്കും രണ്ടാമത്തേത് ഓട്ടോ മാർക്കറ്റിലേക്കും മൂന്നാമത്തേത് അൽ വർസാനിലേക്കുമാണ് (ഇന്റർനാഷണൽ സിറ്റി 2) തുരങ്കം നിർമ്മിക്കുക. ആകെ 30 കിലോമീറ്റർ നീളമുള്ള പാതയിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയും 14.5 കിലോമീറ്റർ പാലത്തിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പദ്ധതിയുടെ പൂർത്തീകരണ മേൽനോട്ടം വഹിക്കുന്നത് ദുബൈ മെട്രോയുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഉദ്യോഗസ്ഥരാണ്.
ഏകദേശം 163 മീറ്റർ നീളവും 2000 ടണ്ണിലധികം ഭാരവുമുള്ള ‘അൽ വുഗൈഷ’ യന്ത്രം അത്യാധുനിക സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. ഒരു ദിവസം ശരാശരി 13 മുതൽ 17 മീറ്റർ വരെ തുരക്കാൻ ശേഷിയുള്ള ഈ മെഷീൻ 24 മണിക്കൂറും പ്രവർത്തിക്കും. പാറക്കൂട്ടങ്ങളും മണൽ പാളികളും തുരക്കാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെഷീന്റെ മുൻഭാഗത്തുള്ള കട്ടർഹെഡും പിന്നിലുള്ള ഹൈഡ്രോളിക് ജാക്കുകളും തുരങ്ക നിർമ്മാണം എളുപ്പമാക്കുന്നു. കൂടാതെ, കുഴിച്ചെടുക്കുന്ന മണ്ണ് നീക്കം ചെയ്യാനുള്ള പ്രത്യേക പൈപ്പ് ലൈനുകളും ഇതിലുണ്ട്. ഭൂമിയുടെ ഉപരിതലത്തിന് കേടുപാടുകൾ വരുത്താത്ത പരിസ്ഥിതി സൗഹൃദ യന്ത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. ഈ നൂതന സാങ്കേതികവിദ്യ തുരങ്ക നിർമ്മാണത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.



