ദുബായ് – ദുബായിൽ വ്യാജ വിസ തട്ടിപ്പ് കേസിൽ ഗായകൻ അറസ്റ്റിൽ. സ്വന്തം നാട്ടിൽ കലാ-വിനോദ രംഗത്ത് പ്രശസ്തനായയാളാണ് അറസ്റ്റിലായത്. യു.എ.ഇയില്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിതവും തേടുന്ന ആളുകളെ ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. വിസകളും റെസിഡന്‍സി പെര്‍മിറ്റുകളും ഉള്‍പ്പെടുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അന്വേഷണത്തെ തുടര്‍ന്ന് ദുബായ് പോലീസുമായി സഹകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് ആണ് അറസ്റ്റ് നടത്തിയത്.
ഒരു വ്യക്തിയുടെ കൈവശം വ്യാജ വിസ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പരിശോധനയും തുടര്‍ന്നുള്ള അന്വേഷണങ്ങളും വ്യാജ വിസയുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വെളിപ്പെടുത്തുകയും അത് നല്‍കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഉള്‍പ്പെട്ടവരിലേക്ക് അധികാരികളെ നയിക്കുകയും ചെയ്തു. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി, ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഔദ്യോഗിക നടപടിക്രമങ്ങളോ അംഗീകൃത സേവനങ്ങളോ അടിസ്ഥാനമാക്കിയുള്ളതല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി, ജോലി കണ്ടെത്താനോ യു.എ.ഇയില്‍ പ്രവേശിക്കാനോ താമസ പദവി സ്ഥിരപ്പെടുത്താനോ ഉള്ള ആളുകളുടെ ആഗ്രഹത്തെ ചില വ്യക്തികളും സ്ഥാപനങ്ങളും ചൂഷണം ചെയ്യുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍സഅബി പറഞ്ഞു. ഈ ഓഫറുകള്‍ പ്രത്യേകിച്ചും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് പ്രചരിപ്പിക്കുന്നത്.
സ്വന്തം നാട്ടില്‍ കലാ-വിനോദ രംഗത്ത് അറിയപ്പെട്ടിരുന്ന വ്യക്തിയെ വിസ തട്ടിപ്പ് കേസില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് ടീമുകള്‍ കൈകാര്യം ചെയ്തു. തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിതവും തേടുന്ന ആളുകളുടെ ആവശ്യങ്ങള്‍ ചൂഷണം ചെയ്തതായി പ്രതി പറഞ്ഞു. കേസിന്റെ സാഹചര്യങ്ങള്‍ കണ്ടെത്താനും വ്യാജ വിസാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്താനും നിരീക്ഷണ-അന്വേഷണ ശ്രമങ്ങളിലൂടെ സാധിച്ചു. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായും മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍സഅബി പറഞ്ഞു.
അംഗീകൃത ചാനലുകള്‍ വഴി നല്‍കാത്ത, പണത്തിന് പകരമായി വര്‍ക്ക് വിസകള്‍ക്കും റെസിഡന്‍സി പെര്‍മിറ്റുകള്‍ക്കുമുള്ള പരസ്യങ്ങളും ഓഫറുകളും ഉള്‍പ്പെടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന ഉള്ളടക്കം നിരീക്ഷിക്കുന്നത് തുടരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് പറഞ്ഞു.
വിശ്വാസ്യമല്ലാത്ത ഓഫറുകളോ വാഗ്ദാനങ്ങളോ കണ്ട് ആളുകള്‍ വഴിതെറ്റിക്കപ്പെടരുത്. വിസ, റെസിഡന്‍സി വിവരങ്ങള്‍ ഔദ്യോഗിക വകുപ്പുകളെ നേരിട്ട് സമീപിച്ച് പരിശോധിക്കേണ്ടത് പ്രധാനമാണ്. രണ്ട് വര്‍ഷത്തോളം വ്യാജ വിസ ഇടപാടുകളില്‍ പങ്കാളിത്തം വഹിച്ചതായും വിസ ഓഫറുകള്‍ വിപണനം ചെയ്യാനും പ്രചരിപ്പിക്കാനും തന്റെ സ്വകാര്യ ടിക് ടോക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും ഗായകന്‍ സമ്മതിച്ചു. തങ്ങള്‍ 7,000 ദിര്‍ഹത്തിനും 9,000 ദിര്‍ഹത്തിനും ഇടയിലുള്ള തുക ഈടാക്കിയാണ് വിസകള്‍ വിറ്റിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കേസുകള്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതിന് മുമ്പ് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യുമെന്ന് ദുബായ് സിറ്റിസണ്‍ഷിപ്പ് ആന്റ് റെസിഡന്‍സി പ്രോസിക്യൂഷനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കൗണ്‍സിലര്‍ ഫൈസല്‍ അഹ്‌ലി പറഞ്ഞു. പ്രതികള്‍ക്കെതിരെ അന്വേഷണം നടത്തുക എന്നതാണ് പബ്ലിക് പ്രോസിക്യൂഷന്റെ ചുമതല. അന്വേഷണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അവരെ കോടതിയിലേക്ക് റഫര്‍ ചെയ്യും.
വിസ തട്ടിപ്പ് കേസുകളില്‍ വിസ നല്‍കിയ ഓരോ തൊഴിലാളിക്കും 10,000 ദിര്‍ഹം തോതില്‍ കുറ്റക്കാര്‍ക്ക് പിഴ ചുമത്തും. പ്രതികള്‍ വിദേികളാണെങ്കില്‍ പിഴക്കു പുറമെ നാടുകടത്തുകയും ചെയ്യും. വ്യാജ വിസ കേസില്‍ സ്ഥാപനങ്ങള്‍ക്ക് വിസയൊന്നിന് 1,00,000 ദിര്‍ഹം വരെ പിഴ ചുമത്തും. വ്യാജ വിസകളുടെ എണ്ണത്തിനനുസരിച്ച് പിഴകള്‍ വര്‍ധിക്കും. ശിക്ഷകള്‍ കഠിനമാണ്. നിയമ ലംഘനങ്ങള്‍ തടയുക എന്നതാണ് ലക്ഷ്യം – കൗണ്‍സിലര്‍ ഫൈസല്‍ അഹ്‌ലി പറഞ്ഞു.







