കുവൈത്ത് സിറ്റി – വ്യത്യസ്ത മയക്കുമരുന്ന് കേസുകളില്‍ ആകെ 90 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കുവൈത്തി പൗരനെ പത്തു വര്‍ഷത്തിനു ശേഷം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത്, കൈവശം വെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ സുരക്ഷാ വകുപ്പുകള്‍ക്ക് പിടികിട്ടേണ്ട പ്രതി 2013 മുതല്‍ ഒളിച്ചുകഴിയുകയായിരുന്നു. സഹ്‌റ ഏരിയയിലെ സുഹൃത്തിന്റെ വീട്ടില്‍ പ്രതി ഒളിച്ചുകഴിയുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക സേന ഉടന്‍ തന്നെ താമസസ്ഥലം വളഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിച്ചുകഴിഞ്ഞ കാലത്തെ നീക്കങ്ങള്‍ മനസ്സിലാക്കാനും നീതിപീഠത്തിനു മുന്നില്‍ നിന്ന് ദീര്‍ഘകാലം രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ചവരെയും അഭയം നല്‍കിയവരെയും തിരിച്ചറിയാനും അന്വേഷണോദ്യോഗസ്ഥര്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പ്രാഥമികാന്വേഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.



