കുവൈത്ത് സിറ്റി – മയക്കുമരുന്ന് ഉപയോഗിച്ചതിനും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരിവസ്തുക്കള്‍ കടത്തിയതിനും കുവൈത്ത് ക്രിമിനല്‍ കോടതി സെലിബ്രിറ്റിയെയും ഭര്‍ത്താവിനെയും രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ഡോ. ഖലൂദിനും ഭര്‍ത്താവ് അമീന്‍ അല്‍ഗബാശിക്കുമാണ് ശിക്ഷ. ഇരുവര്‍ക്കും 2,000 കുവൈത്തി ദീനാര്‍ തോതില്‍ പിഴ ചുമത്തിയിട്ടുമുണ്ട്. നല്ല പെരുമാറ്റത്തിന് 1,000 ദിനാറിന് ജാമ്യം നല്‍കിയ ശേഷം ശിക്ഷ നടപ്പാക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് കോടതി സസ്‌പെന്‍ഡ് ചെയ്തു. വിദേശത്തു നിന്ന് കുവൈത്തില്‍ പ്രവേശിക്കുന്നതിനിടെ 26,705 ഡോളര്‍ കൈവശമുള്ളതിനെ കുറിച്ച് മുന്‍കൂട്ടി വെളിപ്പെടുത്താത്ത കുറ്റത്തില്‍ നിന്നും കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി.
അന്വേഷണത്തിനിടെ പ്രതികള്‍ തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ നാഡി പ്രശ്‌നങ്ങള്‍ ചികിത്സിക്കാനുള്ള കുറിപ്പടി മരുന്നുകളാണെന്നും വിദേശത്ത് നിന്ന് ലഭിച്ചതാണെന്നും വാദിച്ചു. പിടിച്ചെടുത്ത പണം കുവൈത്തിന് പുറത്തുള്ള ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് നേടിയ ലാഭമാണെന്നും ഇരുവരും വ്യക്തമാക്കി.



