ഷാർജ– യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ച യുഎഇ മുൻ മലയാളി പ്രവാസി വിദ്യാർഥി ജെഫേഴ്സൻറെ മൃതദേഹം ഇന്ന് ഷാർജയിൽ സംസ്‌കരിക്കും. യുവാവിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ ആവശ്യമായ അനുമതികൾ കുടുംബത്തിന് ലഭിച്ചതായി പിതാവ് ജസ്റ്റിൻ അറിയിച്ചു.
ജെഫേഴ്സൻറെ മാതാപിതാക്കളും സഹോദരങ്ങളും ഷാർജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തിൽ സഹായിച്ച ഷാർജ സർക്കാരിൻറെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിൻ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഷാർജ ജുവൈസ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
ജെഫേഴ്‌സൺ ജനിച്ചു വളർന്ന ഷാർജയിൽ തന്നെ മൃതദേഹം സംസ്‌കരിക്കണം എന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 33 വർഷമായി ഷാർജയിൽ താമസിക്കുന്ന ജസ്റ്റിൻ ഷാർജ സർക്കാരിൽ സീനിയർ അക്കൗണ്ടൻറാണ്. ഷാർജ എമിറേറ്റ്‌സ് നാഷണൽ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്ന ജെഫേഴ്‌സൺ യുകെയിലെ കോവെൻട്രി യൂണിവേഴ്‌സിറ്റിയിൽ ഗ്രാഫിക് ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടുകയും അവിടത്തന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്.