റിഫ – നടപ്പാതയിലൂടെ കുഞ്ഞുമായി നടന്നുപോവുകയായിരുന്ന യുവതിയെ കാറിടിച്ച് വീഴ്ത്തി മരണത്തിനിടയാക്കിയ കേസിൽ പ്രവാസി ഡ്രൈവർക്ക് ഒരു വർഷം തടവുശിക്ഷ. ബംഗ്ലാദേശ് സ്വദേശിയായ 38-കാരനായ സ്വകാര്യ ഡ്രൈവറെയാണ് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ നവംബർ 30-ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ റിഫയിലെ മഹ്‌സൂറ അവന്യൂവിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. 26 വയസ്സുള്ള യെമനി യുവതി അസ്മ സ്വാലിഹ് അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. തന്റെ ഒന്നര വയസ്സുകാരനായ മകൻ അനസിനെ സ്ട്രോളറിൽ ഇരുത്തി സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു അസ്മ. ഈ സമയം പ്രതി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇവരുടെ മേൽ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അസ്മ 34 മീറ്ററോളം ദൂരേക്ക് റോഡിലേക്ക് തെറിച്ചുപോയതായി ട്രാഫിക് ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. സ്ട്രോളറിൽ ഇടിച്ച് കുട്ടി റോഡിലേക്ക് വീഴുകയും പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ആംബുലൻസ് എത്തി ഇരുവരെയും ബി.ഡി.എഫ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപേ അസ്മ മരണത്തിന് കീഴടങ്ങി.
മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ മാത്രമാണ് താൻ വാഹനം ഓടിച്ചതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ, അപകടത്തിന്റെ തീവ്രതയും സാഹചര്യത്തെളിവുകളും പരിശോധിച്ച കോടതി ഈ വാദം തള്ളി. അശ്രദ്ധമായി വാഹനം ഓടിക്കൽ, മനപ്പൂർവ്വമല്ലാത്ത നരഹത്യ, കുട്ടിയെ പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, കാൽനടയാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തൽ എന്നിങ്ങനെ അഞ്ച് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. വിചാരണ വേളയിൽ പ്രതി കുറ്റങ്ങൾ നിഷേധിച്ചുവെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.



