മനാമ– ഇന്ത്യന്‍ സ്‌കൂള്‍ ജൂനിയര്‍ ക്യാമ്പസ് നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ വാര്‍ഷിക ദിനം ആഘോഷിച്ചു. ‘ബന്ധന്‍-ബഹ്റൈനെയും ഇന്ത്യയെയും ആഘോഷിക്കുന്നു’ എന്ന പ്രമേയത്തിലുള്ള പരിപാടി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാംസ്‌കാരിക ഐക്യത്തെയും പങ്കിട്ട മൂല്യങ്ങളെയും മനോഹരമായി എടുത്തുകാണിച്ചു. പ്രതിഭയുടെയും സര്‍ഗ്ഗാത്മകതയുടെയും ടീം വര്‍ക്കിന്റെയും ഊര്‍ജ്ജസ്വലമായ പ്രദര്‍ശനമായിരുന്നു വാര്‍ഷിക ദിനം. സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, വൈസ് ചെയര്‍മാനും സ്‌പോര്‍ട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസല്‍, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹന്‍, ഫിനാന്‍സ് & ഐടി അംഗം ബോണി ജോസഫ്, പ്രിന്‍സിപ്പൾ വി.ആര്‍ പളനിസ്വാമി, ജൂനിയര്‍ വിങ് പ്രിന്‍സിപ്പൾ പമേല സേവ്യര്‍, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പൾ ജി. സതീഷ്, ജൂനിയര്‍ വിങ് വൈസ് പ്രിന്‍സിപ്പൾ പ്രിയ ലാജി എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ് വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണത്തിനും ഉത്സാഹഭരിതമായ പങ്കാളിത്തത്തിനും അവരെ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തില്‍ പരിശ്രമം, അച്ചടക്കം, ടീം വര്‍ക്ക് എന്നിവയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അനുമോദന പ്രസംഗം നടത്തിയ അസി. സെക്രട്ടറി രഞ്ജിനി മോഹന്‍ ജൂനിയര്‍ ക്യാമ്പസ് ടീമിന്റെ ശ്രദ്ധേയമായ പരിശ്രമങ്ങള്‍ക്കും മികച്ച പ്രകടനങ്ങള്‍ക്കും അവരെ അഭിനന്ദിച്ചു. പരിപാടിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച അധ്യാപകരുടെയും മെന്റര്‍മാരുടെയും സ്ഥിരമായ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശവും അവര്‍ പ്രശംസിച്ചു. ജൂനിയര്‍ ക്യാമ്പസ് പ്രിന്‍സിപ്പൾ പമേല സേവ്യര്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ തുടര്‍ച്ചയായ പ്രോത്സാഹനം, സഹകരണം, പ്രതിബദ്ധത എന്നിവയ്ക്ക് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. യുവ പഠിതാക്കളില്‍ ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, സാംസ്‌കാരിക അവബോധം എന്നിവ വളര്‍ത്തുന്നതില്‍ ഇത്തരം പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു.
പരിപാടിയുടെ സാംസ്‌കാരിക വിഭാഗത്തില്‍ പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകമായ പ്രകടനങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍, ആവിഷ്‌കാര ചലനങ്ങള്‍, ഉജ്ജ്വലമായ അവതരണങ്ങള്‍ എന്നിവയിലൂടെ, കുരുന്നുകള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. അവതാരകരായ ആയിഷ ഫാത്തിമ, ഹംദി അഹ്യാന്‍ കൂടക്കാടന്‍, സാകേത് അനില്‍കുമാര്‍, മരിയാനോ അലക്‌സ് രാജോയ്, ആയിഷ സെഹ്റ, ജോവാന മേരി ഷിജിന്‍ എന്നിവര്‍ പരിപാടിയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കി. ഹെഡ് ബോയ് ഫാബിയോണ്‍ ഫ്രാങ്കോ ഫ്രാന്‍സിസും ഹെഡ് ഗേള്‍ ലക്ഷിത രോഹിതും നടത്തിയ ഹൃദയംഗമമായ നന്ദിയോടെ ആഘോഷം അവസാനിച്ചു.



