മനാമ– മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പോലീസ് പിടിയിലായ 29 വയസ്സുകാരനായ പ്രവാസി യുവാവിന് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. തടവിനു പുറമെ 5,000 ബഹ്‌റൈനി ദിനാർ പിഴയായും ഒടുക്കണം.
പോലീസിന്റെ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ കെണിയൊരുക്കലിലാണ് പ്രതി കുടുങ്ങിയത്. ഇടപാടുകാരനെന്ന വ്യാജേന എത്തിയ പോലീസ് ഇൻഫോർമർക്ക് 150 ദിനാർ വിലവരുന്ന കൊക്കെയ്നും 50 ദിനാറിന്റെ കഞ്ചാവും കൈമാറുന്നതിനിടെയാണ് സിവിൽ വേഷത്തിലെത്തിയ പോലീസ് സംഘം ഇയാളെ വളഞ്ഞത്.
അറസ്റ്റ് ഉറപ്പായതോടെ കയ്യിലുണ്ടായിരുന്ന രണ്ട് ബാഗ് കൊക്കെയ്ൻ വിഴുങ്ങി തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ ഇത് തടയുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു.
പ്രതി കുറ്റം സമ്മതിച്ചതായും വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് രാജ്യത്ത് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, വിപണനം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് ഹൈ ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ലഹരി മരുന്നുകൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ വിധി.



