മനാമ – ദേശീയ സുരക്ഷ സംരക്ഷിക്കാനായി നടത്തിയ പ്രധാന സുരക്ഷാ ഓപ്പറേഷനിലൂടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഫീല്‍ഡ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 15 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനില്‍ മുമ്പ് കണ്ടെത്തിയ ഇറാന്‍ ഏജന്റ് ശൃംഖലയുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് അന്വേഷണങ്ങളുടെയും സുരക്ഷാ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ബഹ്റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെയും കൗമാരക്കാരെയും സ്വാധീനിക്കാനും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്ന ഫീല്‍ഡ് ഓപ്പറേറ്റര്‍മാരായാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധ സംഘടനകളുടെ അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകാനായി ആളുകളെ റിക്രൂട്ട് ചെയ്യാനും നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കാനും സംഘം ശ്രമിച്ചതായി അധികൃതര്‍ ആരോപിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



