മനാമ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നത് സംബന്ധിച്ച് ഒമാനിലെ മസ്‌കറ്റിൽ തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബഹ്‌റൈൻ പ്രഖ്യാപിച്ചു. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിൽ നടക്കാനിരിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള ബഹ്‌റൈന്റെ തീരുമാനം വിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്.
ഇറാനുമായി ഔദ്യോഗിക നയതന്ത്രബന്ധം പുനഃസ്ഥാപിക്കാതെ അവരുൾപ്പെടുന്ന യാതൊരുവിധ കൂട്ടായ ചർച്ചകൾക്കും തങ്ങൾ ഭാഗമാകില്ലെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. 2016ൽ സൗദി അറേബ്യക്കൊപ്പം ബഹ്‌റൈനും ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. 2023ൽ സൗദി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ബഹ്‌റൈൻ ഇതുവരെ അതിന് തയ്യാറായിട്ടില്ല. മധ്യസ്ഥത വഹിക്കാനുള്ള ഒമാന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ പ്രകീർത്തിച്ചെങ്കിലും ഇറാന്റെ നിലപാടുകളോടുള്ള വിയോജിപ്പ് കാരണം യോഗത്തിൽ നിന്ന് ബഹ്‌റൈൻ വിട്ടുനിൽക്കുകയാണ്.
ബഹ്‌റൈന്റെ അമോണിയ ടാങ്കറിന് നേരെയും സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്ലൈന് നേരെയും ഉണ്ടായ ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ച്, യാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് ചർച്ചകൾക്ക് മുതിരില്ലെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.







