മനാമ– ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അനുകൂലിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 25 പേർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുക, രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോർത്തുക, ചിത്രീകരണം നിരോധിച്ച സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 22 വ്യത്യസ്ത കേസുകളിലായാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
ശിക്ഷിക്കപ്പെട്ടവരിൽ 24 പ്രതികൾക്ക് അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിന് പുറമെ ചിലർക്ക് 2,000 ബഹ്‌റൈൻ ദിനാർ പിഴയും ഒടുക്കേണ്ടി വരും. ഒരു പ്രതിക്ക് ഒരു വർഷം തടവും 2,000 ദിനാർ പിഴയുമാണ് കോടതി ശിക്ഷയായി നൽകിയത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ ഇതിലൂടെ വ്യക്തമാക്കുന്നു.



