ദമാം- കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 40,000 ലഹരി ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഗ്ലാസ് കപ്പുകൾ അടങ്ങിയ പാഴ്സലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ശേഖരമെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി അറിയിച്ചു.
അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പാഴ്സൽ കസ്റ്റംസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മയക്കുമരുന്ന് കണ്ടുകെട്ടിയതിന് പിന്നാലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ, ഈ പാഴ്സൽ സ്വീകരിക്കാനെത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹത്തിന്റെ സുരക്ഷയ്ക്കും ദേശീയ സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ലഹരി കടത്തിനെതിരെ വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്ന് ഹമൂദ് അൽഹർബി അഭ്യർത്ഥിച്ചു. ടോൾ ഫ്രീ നമ്പറായ 1910, അന്താരാഷ്ട്ര നമ്പർ (009661910), അല്ലെങ്കിൽ ഇ-മെയിൽ വഴി നൽകുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം നൽകുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







