കുവൈത്ത് സിറ്റി– മേഖലയിൽ സംഘർഷം കടുപ്പിച്ച് കുവൈത്തിലെ സുപ്രധാന ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇറാന്റെ ആക്രമണം. രാജ്യത്തെ വൈദ്യുതി-സമുദ്രജല ശുദ്ധീകരണ ശാലയ്ക്കും മിന അൽ അഹ്മദി റിഫൈനറിക്കു നേരെയുമാണ് വെള്ളിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തെ തുടർന്ന് റിഫൈനറിയിൽ തീപിടുത്തമുണ്ടായി. പ്രതിദിനം 3,46,000 ബാരൽ ഉൽപാദന ശേഷിയുള്ള മിന അൽ അഹ്മദി റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ റിഫൈനറിയുടെ പ്ലാന്റുകളിൽ തീപടർന്നു. ഇതാദ്യമായല്ല മിന അൽ അഹ്മദി റിഫൈനറി ആക്രമിക്കപ്പെടുന്നത്. നേരത്തെയും ഇവിടെ സമാനമായ രീതിയിൽ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്.
വൈദ്യുതി, സമുദ്രജല ശുദ്ധീകരണ പ്ലാന്റിനു നേരെയുണ്ടായ ആക്രമണത്തിൽ പ്ലാന്റിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ, ആക്രമണത്തിന്റെ ആഘാതം കുറയ്ക്കാനും സേവനങ്ങൾ തടസ്സമില്ലാതെ തുടരാനും സർക്കാർ സജ്ജമാണെന്ന് കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയ വക്താവ് എൻജിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സാങ്കേതിക-എമർജൻസി സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് നിലവിൽ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇറാനിലെ പ്രധാന പാലം യുഎസ് വ്യോമാക്രമണത്തിലൂടെ തകർക്കുകയും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റിൽ തിരിച്ചടി ശക്തമായത്. കുവൈത്തിലെ കേന്ദ്രങ്ങൾക്ക് പുറമെ യുഎഇയിലെ ഏറ്റവും വലിയ ഗ്യാസ് പ്ലാന്റിന് നേരെയും കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണമുണ്ടായിരുന്നു. സമാധാന ചർച്ചകൾക്ക് ഇറാനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കങ്ങൾക്കിടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്.



