ദുബായ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ വഴി തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് ദുബായിലെ ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിനും പാം ജുമൈറയിലെ ഫെയർമോണ്ട് ഹോട്ടലിനും നാശനഷ്ടങ്ങൾ. ശനിയാഴ്ച രാത്രി വൈകിയാണ് മിഡിൽ ഈസ്റ്റിനെ നടുക്കിയ ഈ സംഭവങ്ങൾ ഉണ്ടായത്.
പാം ജുമൈറയിലെ ഫെയർമോണ്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ അടിയന്തര ചികിത്സ നൽകി. ബുർജ് അൽ അറബിൽ നിലവിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ്-ഇസ്രായേൽ സഖ്യം ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഗൾഫ് മേഖലകളിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്.
ദുബായ് കൂടാതെ അബുദാബിയിലും മറ്റ് ഗൾഫ് നഗരങ്ങളിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. പല രാജ്യങ്ങളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമായിട്ടില്ല.
‘പ്രവചനാതീതമായ ആയുധങ്ങൾ’ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ആഗോളതലത്തിൽ വലിയൊരു യുദ്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി. ദുബായ് വിമാനത്താവളത്തിലേക്കും ഇറാൻ ആക്രമണം നടത്തി. നേരത്തെ കുവൈത്ത് വിമാനത്താവളത്തിലേക്കും ഇറാൻ ആക്രമണം നടത്തിയിരുന്നു.



