റിയാദ്- ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് ജപ്പാനിലെ ഐച്ചി നാഗോയയിൽ തിരി തെളിയുമ്പോൾ മെഡൽ പ്രതീക്ഷയുമായി സൗദി അറേബ്യ. 45 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകൾ 43 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന കായിക മാമാങ്കത്തിൽ സൗദിക്കായി 144 കായികതാരങ്ങളാണ് മത്സരരംഗത്തുള്ളത്.
ഫുട്‌ബോൾ (അണ്ടർ-21 ടീം), ബാസ്‌ക്കറ്റ് ബോൾ, അത്‌ലറ്റിക്‌സ, കരാട്ടേ, ഷൂട്ടിങ്, ഫെൻസിങ്, തായ്ക്വാണ്ടോ, മിക്‌സഡ് മാർഷ്യൽ ആർട്‌സ് , പാഡൽ തുടങ്ങിയ ജനപ്രിയ ഇനങ്ങളിലെല്ലാം സൗദിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
ഇറ്റാലിയൻ പരിശീലകൻ ലൂയിജി ഡി ബിയാജിയോയുടെ കീഴിലിറങ്ങുന്ന സൗദി അറേബ്യ അണ്ടർ-21 ഫുട്‌ബോൾ ടീം ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. അയൽക്കാരായ ഖത്തറാണ് ഗ്രൂപ്പിലെ ഇവരുടെ പ്രധാന എതിരാളികൾ.
സൗദി സൂപ്പർ കപ്പിന് കുവൈത്ത് വേദിയാകും
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായ തായ്ക്വാണ്ടോ താരം ദുനിയ അബുതാലിബിലാണ് സൗദി വലിയ മെഡൽ പ്രതീക്ഷ വെക്കുന്നത്.
കുതിരസവാരിയിലെ ഷോജംപിങ് വിഭാഗത്തിൽ മുൻ ചാമ്പ്യന്മാരായ സൗദി ടീം ഇത്തവണയും സ്വർണം നിലനിർത്താൻ ഉറച്ചാണ് എത്തിയിരിക്കുന്നത്.
കായികരംഗത്തെ തങ്ങളുടെ ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായി വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് സൗദി അറേബ്യ ഇത്തവണ ഏഷ്യൻ ഗെയിംസിനെ സമീപിക്കുന്നത്. വരാനിരിക്കുന്ന 2029ലെ ഏഷ്യൻ വിന്റർ ഗെയിംസിനും 2034ലെ ഏഷ്യൻ ഗെയിംസിനും ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്.







