റിയാദ് – സൗദി അറേബ്യയിലെ ഖിദ്ദിയ സിറ്റിയിൽ സന്ദർശകർക്കായി വിസ്മയങ്ങളുടെ വാതിലുകൾ തുറന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്കായ അക്വേറബിയ ഒരുങ്ങിക്കഴിഞ്ഞു. തുവൈഖ് പർവതനിരകളുടെ പ്രകൃതിഭംഗിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ പാർക്ക് സാഹസികതയും വിശ്രമവും ഒരേപോലെ നൽകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ച് റൈഡുകൾ ഉൾപ്പെടെ ആകെ 22 വാട്ടർ റൈഡുകളാണ് ഇവിടെയുള്ളത്. ഏപ്രിൽ 23 വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം ആരംഭിക്കുന്ന പാർക്ക്, ഖിദ്ദിയ സിറ്റിയിൽ തുറക്കുന്ന രണ്ടാമത്തെ പ്രധാന വിനോദ കേന്ദ്രമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ആവേശകരമായ സ്ലൈഡുകളും കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളും അക്വേറബിയയുടെ പ്രത്യേകതയാണ്.


സന്ദർശകരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ എട്ട് തീം സോണുകളായാണ് പാർക്ക് തിരിച്ചിരിക്കുന്നത്. വലിയ തിരമാലകളുള്ള അംവാജ് ബേ, പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ശാന്തമായ യാത്രയൊരുക്കുന്ന ദി ലേസി ക്യാമൽ, മുതിർന്നവർക്ക് മാത്രമായി വിശ്രമിക്കാൻ കഴിയുന്ന റാഹ്കുവാ എന്നിവ കുടുംബങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. കൂടാതെ, വെള്ളത്തിനടിയിലെ അത്ഭുതങ്ങൾ കാണിച്ചുതരുന്ന അക്വാട്ടിക്കാർ എന്ന വിർച്വൽ ലോകവും പ്രകാശ വിസ്മയങ്ങളൊരുക്കുന്ന കാമൽ റോക്ക് എന്ന ഗുഹയും സന്ദർശകർക്ക് വേറിട്ട അനുഭവം നൽകും. വേഗത ഇഷ്ടപ്പെടുന്നവർക്കായി കാമൽ റേസർ, വൈപ്പർ ചലഞ്ച്, ഗ്രൂപ്പ് ബോട്ടിംഗ് സൗകര്യമുള്ള വാലി ചലഞ്ച് എന്നിവയും ഇവിടെയുണ്ട്. സാഹസികത തേടുന്നവർക്ക് ഹൊറിബിൾ വാലി, കയാക് സ്ട്രീം, യോലോ സോളോ ക്ലൈംബിംഗ്, ജമ്പ് ജോൾട്ട് തുടങ്ങിയ വിനോദങ്ങളും ആസ്വദിക്കാവുന്നതാണ്.
ലോക റെക്കോർഡുകൾ ഭേദിക്കുന്ന നിരവധി റൈഡുകളാണ് അക്വേറബിയയെ ശ്രദ്ധേയമാക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ വാട്ടർ സ്ലൈഡുകളിൽ ഒന്നായ കാമൽ ഗോം, സുതാര്യമായ ട്രാക്കുകളിലൂടെയുള്ള മാഡ് ഡ്രോപ്പ്, ഹൈപ്പർ ഫൈബർ തുടങ്ങിയവ ഇതിൽ ചിലതാണ്. കുട്ടികൾക്കായി സ്പ്ലാഷ് ഗ്രോട്ടോ, സ്പ്ലാഷ് സ്പ്ലാഷ്, സൂം സൂം എന്നിങ്ങനെയുള്ള സുരക്ഷിതമായ കളിക്കളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സർഫിംഗ് പ്രേമികൾക്കായി ‘സെർവ്ടോപ്പിയ’ എന്ന പേരിൽ സൗദിയിലെ ആദ്യത്തെ വേവ് പൂൾ തന്നെ പാർക്കിലുണ്ട്. വിനോദത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പാർക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. 80 ശതമാനത്തിലധികം മാലിന്യങ്ങൾ പുനരുപയോഗിക്കുന്ന പാർക്ക്, ജലസേചനത്തിനും മറ്റുമായി 100 ശതമാനം വെള്ളവും ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന സുസ്ഥിരമായ മാതൃകയാണ് പിന്തുടരുന്നത്.


ടിക്കറ്റ് നിരക്കുകൾ പരിശോധിച്ചാൽ മുതിർന്നവർക്ക് 325 റിയാലും 4 മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് 200 റിയാലുമാണ് ഈടാക്കുന്നത്. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. സന്ദർശനത്തിന് അഞ്ച് ദിവസം മുൻപെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 15 ശതമാനം ഇളവ് ലഭിക്കും. സർഫിംഗ് ഒഴികെയുള്ള എല്ലാ റൈഡുകളിലേക്കും ടിക്കറ്റ് ഉപയോഗിച്ച് പ്രവേശിക്കാം. ക്യൂ ഒഴിവാക്കി വേഗത്തിൽ റൈഡുകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് അക്വാ ഫാസ്റ്റ് പാസ് സേവനവും ലഭ്യമാണ്. കൂടാതെ സന്ദർശകർക്ക് വിശ്രമിക്കാൻ 91 ആഡംബര കാബനുകളും 24 ഭക്ഷണശാലകളും ഏഴ് ഷോപ്പിംഗ് സ്റ്റോറുകളും പാർക്കിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ദിവസവും ഉച്ചക്ക് 12 മണി മുതൽ രാത്രി 8 മണി വരെയാണ് പാർക്കിന്റെ പ്രവർത്തന സമയം. വെള്ളിയാഴ്ചകൾ സ്ത്രീകൾക്കായി മാത്രമായി മാറ്റിവെച്ചിരിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. നിലവിൽ പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ലഭ്യമാണ്.



