റിയാദ് – ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഊര്‍ജ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഊര്‍ജ മേഖലാ സഹകരണം വര്‍ധിപ്പിക്കാനുള്ള വഴികളും ഊര്‍ജ സുരക്ഷയെയും ഊര്‍ജ വിതരണത്തിന്റെ സ്ഥിരതയെയും പിന്തുണക്കാനുള്ള ശ്രമങ്ങളും അജിത് ഡോവല്‍ ചര്‍ച്ച ചെയ്തു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ ഡോ. മുസാഅദ് അല്‍ഐബാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സൗദി വിദേശ മന്ത്രിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെ സംയുക്ത സഹകരണത്തിന്റെ മേഖലകള്‍ അവലോകനം ചെയ്യുകയും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും അവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും ചെയ്തു. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള സൗദി വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. സൗദ് അല്‍സാത്തി യോഗത്തില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



