റിയാദ്– ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി.) അണ്ടർ-23 ഏഷ്യൻ കപ്പിന്റെ ഏഴാം പതിപ്പ് ഇനി വെറും എട്ട് ദിവസങ്ങൾക്കകം ആരംഭിക്കുകയാണ്. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ ടൂർണമെന്റ് ജനുവരി ആറാം തീയതി മുതൽ 25 വരെ നടക്കും. റിയാദിലും ജിദ്ദയിലുമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഏഷ്യയിലെ 16 ദേശീയ ടീമുകൾ ഈ പ്രധാന യുവ ഫുട്ബോൾ മാമാങ്കത്തിൽ പങ്കെടുക്കും.
ഇതാദ്യമായാണ് സൗദി അറേബ്യ ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ടിക്കറ്റുകൾ എ.എഫ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.the-afc.com വഴി ലഭ്യമാണ്. നിലവിൽ റിയാദിലും ജിദ്ദയിലും അന്തിമ ഒരുക്കങ്ങൾ പൂർത്തിയാകുകയാണ്.
റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലും അൽ ശബാബ് ക്ലബ് സ്റ്റേഡിയത്തിലുമായി ഗ്രൂപ്പ് ഘട്ടത്തിലെ 12 മത്സരങ്ങൾ നടക്കും. ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെയുള്ള 10 മത്സരങ്ങൾ നടത്തും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ഓക്സിലറി സ്റ്റേഡിയത്തിൽ രണ്ട് സെമി ഫൈനലുകളും മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരവും ഉൾപ്പെടെ മറ്റു പത്ത് മത്സരങ്ങൾ നടക്കും.
2027-ൽ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പിനുള്ള പ്രധാന തയ്യാറെടുപ്പ് ഘട്ടമായാണ് ഈ അണ്ടർ-23 ടൂർണമെന്റിനെ കണക്കാക്കുന്നത്. രാജ്യത്തിന്റെ അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള കഴിവ് തെളിയിക്കുന്ന ഒരു പ്രധാന നാഴികക്കല്ലായി ഇത് മാറും. ഏഷ്യൻ യുവ ഫുട്ബോളിന്റെ ഉത്സവമായി മാറാൻ പോകുന്ന ഈ മത്സരങ്ങൾക്കായി ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.



