ദുബായ്: അക്കാഫ് ഇവന്റസ് ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് അക്കാഫ് ഗാവൽ ക്ലബ് ഒരു വർഷം പൂർത്തിയാക്കി. 10 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം ലഭിക്കുക. നിലവിൽ ധാരാളം കുട്ടികൾ സജീവ അംഗങ്ങളാണ്.കുട്ടികളിലെ നേതൃത്വപാടവം, ആശയവിനിമയ മികവ്, പൊതുസദസുകളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള ധൈര്യം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. വ്യക്തിത്വ വികസനം, ജീവിത മൂല്യങ്ങൾ, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവ ലക്ഷ്യമാക്കി കുട്ടികൾക്ക് സമഗ്രമായ പരിശീലനമാണ് നൽകുന്നത്. ഒന്നാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകനും പ്രഭാഷകനുമായ അനൂപ് കീച്ചേരി പങ്കെടുത്തു.
പുതിയ ഭാരവാഹികൾ ആയി അമ്ര ഫര്യാൽ (പ്രസിഡന്റ് ), ഹന്നാ മാത്യു (വൈസ് പ്രസിഡന്റ് എഡ്യൂക്കേഷൻ ), നഹ്യൻ ഷാഹുൽ (വൈസ് പ്രസിഡന്റ് മെമ്പർഷിപ്), മരിയ ജോഷ്വാ (സെക്രട്ടറി), അർപ്പിതാ അനൂപ് (ട്രഷറർ), റോബർട്ട് ജൂഡിൻ ഫെർണാണ്ടസ് ( പബ്ലിക് റിലേഷൻസ്), നാഥാനിയേൽ ജോയ് (സെർജെന്റ് അറ്റ് ആം) എന്നിവരെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഒരു വർഷക്കാലം ഗാവൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ചീഫ് കോർഡിനേറ്റർ അന്നു പ്രമോദ്, കോർഡിനേറ്റർമാരായ ആശ സിയാദ്, അഞ്ജു ജോബർട്, ലേഖ വിജയദാസ്, റജീന പി.കെ, ഡോ. നവ്യ ചെറിയാൻ, ശിവാങ്കി ശ്രീകുമാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
അക്കാഫ് ഇവന്റസ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, ലേഡീസ് വിങ് സെക്രട്ടറി രശ്മി ഐസക്, ജോയിന്റ് സെക്രട്ടറി മുന് ഉല്ലാസ്, സോഷ്യൽ മീഡിയ കോർഡിനേറ്റർ അബ്ദുൽ സത്താർ, അസിസ്റ്റന്റ് ചീഫ് കോർഡിനേറ്റർ സനീഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും കുട്ടികളുടെ പ്രസംഗങ്ങളും അരങ്ങേറി. രക്ഷിതാക്കളും ക്ലബ് അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.



