ജിസാൻ– തീപിടുത്തത്തിൽ പൊള്ളലേറ്റ് ജിസാനിൽ ചികിത്സയിലായിരുന്ന കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശി ബിജിൻലാൽ ബൈജു (29) മരിച്ചു. കഴിഞ്ഞ ദിവസം സബിയ ഗ്യാസ് സ്റ്റേഷനിലുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബിജിൻ ലാലിനെ സബിയ ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ അബുഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ജിസാൻ സബിയയിലെ സാസ്‌കോ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു ബിജിൻ ലാൽ. കഴിഞ്ഞ രണ്ടു വർഷമായി ജിസാനിൽ ജോലി ചെയ്യുന്ന ഇയാൾ അവിവാഹിതനാണ്.
മൃതദേഹം അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊട്ടാരക്കര പുത്തൂർ മൈലോംകുളം മൊട്ടക്കുന്നിൽ ബൈജുവിന്റെയും ഉഷാകുമാരിയുടെയും മകനാണ് ബിജിൻ ലാൽ. ഏക സഹോദരി ബിന്ദുജമോൾ വിവാഹിതയാണ്. ജിസാൻ ജല കാരുണ്യ വിഭാഗത്തിന്റെ കീഴിലെ ജല വാസലീ യൂണിറ്റ് സെക്രട്ടറി സഞ്ജീവൻ ചെങ്ങന്നൂർ, യൂണിറ്റ് ട്രെഷറർ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.