ജിദ്ദ – സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടിംഗ് മേഖലയില്‍ 44 പ്രൊഫഷനുകളില്‍ 40 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം ഇന്നു മുതല്‍ നിലവില്‍ വന്നതായി മാനവശേഷി, സമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വാണിജ്യ മന്ത്രാലയവുമായി സഹകരിച്ചാണ് അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സൗദിവല്‍ക്കരണ തീരുമാനം ബാധകമാണ്. അക്കൗണ്ടിംഗ് മേഖലയില്‍ 44 പ്രൊഫഷനുകളില്‍ അഞ്ചു ഘട്ടമായി 70 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടമായാണ് ഇന്നു മുതല്‍ 40 ശതമാനം സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കിയിരിക്കുന്നത്. 70 ശതമാനം സൗദിവല്‍ക്കരണ നിരക്ക് എത്തുന്നതുവരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഘട്ടങ്ങളിലായി തീരുമാനം ക്രമേണ നടപ്പാക്കും.
ബാച്ചിലേഴ്‌സ് ഡിഗ്രിയോ തത്തുല്യ യോഗ്യതകളോ ഉള്ളവര്‍ക്ക് 6,000 റിയാലും ഡിപ്ലോമയോ തത്തുല്യമോ ഉള്ളവര്‍ക്ക് 4,500 റിയാലുമാണ് മന്ത്രാലയം ഈ തൊഴിലുകളില്‍ സ്വദേശി ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനനമായി നിശ്ചയിച്ചിരിക്കുന്നത്. വിവിധ പ്രവിശ്യകളിലും പ്രദേശങ്ങളിലുമുള്ള സ്വദേശികള്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അക്കൗണ്ടിംഗ് മേഖലയില്‍ നിര്‍ബന്ധിത സൗദിവല്‍ക്കരണം നടപ്പാക്കുന്നത്.
ഫിനാന്‍ഷ്യല്‍ മാനേജര്‍, അക്കൗണ്ടിംഗ് മാനേജര്‍, ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ് മാനേജര്‍, ബജറ്റ് മാനേജര്‍, ട്രഷറി മാനേജര്‍, കളക്ഷന്‍ മാനേജര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ എന്നിവ അടക്കം 44 അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സൗദിവല്‍ക്കരണ പരിധിയില്‍ ഉള്‍പ്പെടുന്നു. നിയമാനുസൃത ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ എല്ലാ സ്ഥാപനങ്ങളും സൗദിവല്‍ക്കരണ തീരുമാനം പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴില്‍ വിപണി ആവശ്യങ്ങള്‍ക്കനുസൃതമായി സൗദിവല്‍ക്കരണം നടപ്പാക്കുന്നത് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് ശക്തമായി നിരീക്ഷിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. മാനവശേഷി വികസന ഫണ്ട് (ഹദഫ്) പ്രോഗ്രാമുകളും മറ്റ് സൗദിവല്‍ക്കരണ പിന്തുണാ പ്രോഗ്രാമുകളും റിക്രൂട്ട്‌മെന്റ്, പരിശീലനം, യോഗ്യത, തൊഴില്‍ നിയമനം, ജോലി സ്ഥിരത എന്നീ മേഖലകളില്‍ നല്‍കുന്ന പിന്തുണാ പദ്ധതികളും അടക്കം മാനശേഷി, സാമൂഹിക വികസന മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന പിന്തുണയും പ്രോത്സാഹന പ്രോഗ്രാമുകളും സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.



