ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഒരു കുടുംബപ്പേരും ചുമലിലേറ്റി, ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ മകൻ ലൂക്കാ സിദാൻ ഇത്തവണ ലോകകപ്പ് വേദിയുടെ നെടുംതൂണാകാൻ ഒരുങ്ങുകയാണ്. എന്നാൽ അച്ഛൻ കിരീടം ചൂടിച്ച ഫ്രാൻസിന്റെ നീലക്കുപ്പായത്തിലല്ല ലൂക്കാ ഇത്തവണ വലകാക്കുന്നത്; തന്റെ പിതാവിന്റെ കുടുംബവേരുകളുള്ള, വടക്കേ ആഫ്രിക്കൻ കരുത്തരായ അൽജീരിയക്ക് വേണ്ടിയാണ്. 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പിലേക്ക് തിരിച്ചെത്തിയ അൽജീരിയയുടെ ആദ്യ പോരാട്ടം തന്നെ നിലവിലെ ചാമ്പ്യന്മാരും ലയണൽ മെസ്സി നയിക്കുന്നവരുമായ കരുത്തരായ അർജന്റീനക്കെതിരെയാണ്. ഗ്രൂപ്പ് ‘ജെ’യിലെ ഈ തീപ്പൊരി പോരാട്ടത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ കണ്ണുകൾ ഉടക്കിനിൽക്കുന്നത്.
ഫ്രാൻസിൽ ജനിച്ച്, ഫ്രഞ്ച് യൂത്ത് ടീമുകളിലൂടെ വളർന്ന 28-കാരനായ ഗ്രനാഡയുടെ ഈ ഗോൾകീപ്പർക്ക് വേണമെങ്കിൽ ഫ്രാൻസിനായി കാത്തിരിക്കാമായിരുന്നു. എന്നാൽ സിസു എന്ന മഹാരഥന്റെ തണലിൽ നിന്നും മാറി, സ്വന്തമായൊരു അന്താരാഷ്ട്ര കരിയറും വ്യക്തിത്വവും കെട്ടിപ്പടുക്കാനാണ് ലൂക്കാ തീരുമാനിച്ചത്. അച്ഛന്റെ പാരമ്പര്യം ഫ്രാൻസിലാണെങ്കിൽ, തന്റെ ചോര അൽജീരിയയുടേതാണെന്ന് പ്രഖ്യാപിച്ച ലൂക്കായുടെ ഈ തീരുമാനം ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അദ്ഭുതപ്പെടുത്തുകയും ചെയ്തു.


അടുത്തിടെ കവിളെല്ലിനേറ്റ ഗുരുതരമായ പരിക്കിനെപ്പോലും തോൽപ്പിച്ച്, മുഖത്ത് സംരക്ഷണ മാസ്ക് ധരിച്ചാണ് ലൂക്കാ ഇപ്പോൾ പരിശീലനം നടത്തുന്നത്. കോച്ച് വ്ലാഡിമിർ പെറ്റ്കോവിച്ചിന്റെ തന്ത്രങ്ങളിൽ റിയാദ് മഹ്‌റസ്, ഇസ്മാഈൽ ബെന്നാസർ എന്നിവർക്കൊപ്പം ലൂക്കയും ചേരുമ്പോൾ വലിയ അട്ടിമറികളാണ് അൽജീരിയ സ്വപ്നം കാണുന്നത്.
കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും ഈ മത്സരം വികാരഭരിതമാണ്. 2006 ലോകകപ്പ് ഫൈനലിൽ മാറ്റരാസിയുടെ നെഞ്ചിലേക്ക് സിദാൻ തലകൊണ്ട് ഇടിച്ചിട്ടതും ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടതും ഇന്നും മലയാളികളുടെ മനസ്സിലെ നീറുന്ന ഓർമ്മയാണ്. സിദാനെ പ്രകോപിപ്പിച്ച മാറ്റരാസിക്ക് ഇന്നും കേരളക്കര മാപ്പ് കൊടുത്തിട്ടില്ല. ആ സിദാൻ സ്നേഹത്തിന്റെ തുടർച്ചയായാണ് മലയാളി ആരാധകർ ലൂക്കാ സിദാനെയും നോക്കിക്കാണുന്നത്.
ലയണൽ മെസ്സിയുടെ തന്ത്രപരമായ നീക്കങ്ങളും തീയുണ്ട പോലുള്ള ഇടങ്കാലൻ ഷോട്ടുകളും തടഞ്ഞുനിർത്തുക എന്നത് ലൂക്കാ സിദാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും. എന്നാൽ സിനദിൻ സിദാന്റെ മകൻ എന്ന വിലാസത്തിൽ നിന്നും മാറി, സ്വന്തം പ്രതിഭ കൊണ്ട് അൽജീരിയയുടെ രക്ഷകനാകാൻ ലൂക്കായ്ക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്. മെസ്സിയുടെ ആക്രമണ നിരയും അൽജീരിയൻ കോട്ട കാക്കുന്ന ലൂക്കായുടെ മിന്നൽ റിഫ്ലെക്സുകളും തമ്മിലുള്ള ഈ പോരാട്ടം ലോകകപ്പിലെ ഏറ്റവും മികച്ച ദൃശ്യവിരുന്നായി മാറുമെന്നതിൽ സംശയമില്ല.



