റിയാദ്– സൗദി പ്രോ ലീഗിലെ അതിനിർണ്ണായകമായ മത്സരത്തിൽ അൽ നസ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അൽ ഹിലാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ മുന്നിലെത്തിയ അൽ നസ്ർ രണ്ടാം പകുതിയിൽ സലേം അൽ ദൗസരി, മുഹമ്മദ് കാനോ, റൂബൻ നെവെസ് എന്നിവരുടെ ഗോളിലാണ് റൊണാൾഡോയും സംഘവും തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് അൽ നസർ ആയിരുന്നു. കളിയുടെ 42-ാം മിനിറ്റിൽ കിംഗ്‌സ്‌ലി കോമാന്റെ അസിസ്റ്റിൽ നിന്ന് ഗോൾ നേടി റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചു . സീസണിൽ താരം നേടുന്ന 16-ാം ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡുമായി അൽ നസ്ർ വിജയം മുന്നിൽ കണ്ടു.
എന്നാൽ രണ്ടാം പകുതിയിൽ അൽ ഹിലാൽ ശക്തമായ ആക്രമണത്തിലൂടെ തിരിച്ചുവന്നു. 57-ാം മിനിറ്റിൽ മുഹമ്മദ് സിമാകൻ വരുത്തിയ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സലേം അൽ ദൗസരി അൽ ഹിലാലിന് സമനില സമ്മാനിച്ചു. തൊട്ടുപിന്നാലെ അൽ നസർ ഗോൾകീപ്പർ നവാഫ് അൽ അഖീദി ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് ഇരട്ട പ്രഹരമായി. പത്തുപേരായി ചുരുങ്ങിയ അൽ നസ്ർ പിന്നീട് പ്രതിരോധത്തിൽ ഊന്നി കളിച്ചെങ്കിലും കാര്യമുണ്ടായില്ല. 81-ാം മിനിറ്റിൽ മുഹമ്മദ് കാനോ ടീമിനായി രണ്ടാം ഗോൾ നേടി. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ലഭിച്ച രണ്ടാമത്തെ പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് റൂബൻ നെവെസ് അൽ ഹിലാലിന്റെ വിജയം പൂർത്തിയാക്കി.
ഈ പരാജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനത്തുള്ള അൽ ഹിലാലുമായി (38 പോയിന്റ്) ഏഴ് പോയിന്റ് വ്യത്യാസത്തിലാണ് ഇപ്പോൾ അൽ നസർ (31 പോയിന്റ്) . തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയ ടീമിന് കിരീടം നേടുക എന്നത് ഇനി ഏറെ പ്രയാസകരമാകും. ആരാധകർ പ്രതീക്ഷിച്ച പ്രകടനം തുടക്കം കാഴ്ചവെച്ചെങ്കിലും അവസാന നാല് മത്സരങ്ങളിൽ നിന്ന് നേടിയത് ഒരു പോയിന്റ് മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



