ജിദ്ദ– സ്പാനിഷ് സൂപ്പർ കപ്പിന്റെ പോരാട്ടങ്ങൾക്ക് ഇന്ന് സൗദിയിൽ തുടക്കം. നാലു ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ അത്‌ലറ്റിക് ബിൽബാവോയെ നേരിടും. നാളെ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും.
ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 12:30ക്ക് ( സൗദി – 10:00 PM) ആണ് മത്സരം. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട് സിറ്റി ഗ്രൗണ്ടിലാണ് കാറ്റിലോണിയൻ വമ്പന്മാർ ബിൽബാവോയെ നേരിടുന്നത്.
ഫ്ലിക്കിന്റെ കീഴിൽ ഇറങ്ങുന്ന ബാർസ മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. തുടർച്ചയായി എട്ടു മത്സരങ്ങളിൽ വിജയം നേടിയ ഇവർക്ക് തന്നെയാണ് സാധ്യതകൾ കൽപ്പിക്കുന്നതും. ലാമിൻ യാമൽ, റാഫിൻഹ, ഫെറാൻ ടോറസ്, പെഡ്രി, റോബർട്ട് ലെവൻഡോവ്സ്കി, ഒൽമോ, ഫെർമിൻ ലോപ്പസ് അടങ്ങുന്ന ടീം വളരെ ശക്തമാണ്. കൂടെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗോൾ കീപ്പർ ജോവാൻ ഗാർഷ്യ കൂടി ചേരുമ്പോൾ ബിൽബാവോ ഒന്ന് വിയർക്കും. കഴിഞ്ഞ നവംബറിൽ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ബാർസ എതിരില്ലാത്ത നാലു ഗോളുകൾക്ക് ജയം നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ സ്പാനിഷ് സൂപ്പർ കപ്പ് അടക്കം എല്ലാ ഡൊമസ്റ്റിക് കിരീടങ്ങളും ബാർസലോണ നേടിയിരുന്നു. കഴിഞ്ഞവർഷം സൂപ്പർ കപ്പിന്റെ കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് ബാർസ കിരീടം ചൂടിയത്.
സൂപ്പർ കപ്പിന് സൗദിയിൽ എത്തിയ റയൽ കിലിയൻ എംബാപ്പെ ഇല്ല എന്നത് റയൽ മാഡ്രിഡിന് ഏറെ തിരിച്ചടിയാണ്.



