ഡാളസ്: ഫ്രാൻസിന്റെ സുവർണ്ണ നിരയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഒന്നാം സെമിഫൈനൽ പോരാട്ടത്തിൽ പൂർണ്ണ ആധിപത്യം പുലർത്തിയാണ് യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന നിമിഷങ്ങളിൽ ഫ്രാൻസ് നിര ആളിക്കത്തിയെങ്കിലും അതും ഫല്തിൽ എത്തിയില്ല. തുടർച്ചയായ മൂന്നാം ഫൈനലിൽ എത്താമെന്ന മോഹം ബാക്കിയാക്കിയാണ് ഫ്രാൻസ് നിര മടങ്ങുന്നത്.
മത്സരത്തിന്റെ 22-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൈക്കൽ ഒയാർസബാൽ ആണ് സ്പെയിന്റെ ആദ്യ ഗോൾ നേടിയത്. ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ ബോക്സിനുള്ളിൽ വെച്ച് ലാമിൻ യമാലിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. തുടർന്ന് രണ്ടാം പകുതിയുടെ 58-ാം മിനിറ്റിൽ പെഡ്രോ പോറോ സ്പെയിന്റെ ലീഡ് രണ്ടാക്കി ഉയർത്തി.
കിലിയൻ എംബാപ്പെ നയിച്ച ഫ്രഞ്ച് മുന്നേറ്റനിരയ്ക്ക് സ്പാനിഷ് പ്രതിരോധം തകർക്കാൻ സാധിച്ചില്ല. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ സ്പെയിൻ, ഫ്രാൻസിനെ ഒട്ടും താളം കണ്ടെത്താൻ അനുവദിച്ചില്ല. രണ്ടു ഗോൾ നേടിയെങ്കിലും പ്രതിരോധത്തിലേക്ക് മടങ്ങാതെ ഫ്രാൻസ് നിരയിലേക്ക് തിരമാല പോലെ ആഞ്ഞടിക്കുകയായിരുന്നു സ്പെയിൻ. ഇതോടെ പ്രതിരോധവും ആക്രമണവും ഒരുപോലെ ഫ്രാൻസിന് ശ്രദ്ധിക്കേണ്ടി വന്നു. സൂപ്പർ താരം ലാമിൻ യമാലിന്റെ മികച്ച പ്രകടനവും സ്പാനിഷ് മധ്യനിരയുടെ നിയന്ത്രണവും മത്സരത്തിൽ നിർണ്ണായകമായി. ഫ്രാൻസിന്റെ വില്യം സാലിബയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നതും അവർക്ക് തിരിച്ചടിയായി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ എംബാപ്പെക്ക് മഞ്ഞക്കാർഡും ലഭിച്ചു.
ഈ വിജയത്തോടെ സ്പെയിൻ തങ്ങളുടെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് ഫൈനലിനാണ് യോഗ്യത നേടിയിരിക്കുന്നത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളാകും ഫൈനലിൽ സ്പെയിന്റെ എതിരാളികൾ.



