രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരിക്കൽ പ്രഖ്യാപനം നടത്തിയ മെസിയുടെ വാക്കുകൾ- ഫൈനൽ കഴിഞ്ഞ് ഇത്രയും നാളുകൾക്ക് ശേഷവും, അതിനെക്കുറിച്ച് ഒരുപാട് ആലോചിച്ച ശേഷവുമാണ് ഞാൻ ഈ കാര്യം നിങ്ങളോട് പറയുന്നത്… ഞാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കുകയാണ്. ഉള്ളിൽ ഏറെ വേദനിച്ചും ഇപ്പോഴും ആ വേദന പേറിയുമാണ് ഞാൻ ഈ തീരുമാനമെടുത്തത്. എന്നാൽ ഇതാണ് ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഞങ്ങൾ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിനുമുമ്പും ഞാൻ എപ്പോഴും എന്റെ പരമാവധി നൽകിയിട്ടുണ്ടെന്ന് ദൈവനാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. ഈ ജേഴ്സിക്കായി, നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്ബോളിലൂടെ ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ അഭിമാനം കൊള്ളിക്കാനും ഞാൻ എപ്പോഴും പോരാടുകയും എന്റെ എല്ലാം നൽകുകയും ചെയ്തിട്ടുണ്ട്.
ഇനി അധികം സമയം ബാക്കിയില്ല, ഓരോ അധ്യായങ്ങളും അവസാനിക്കുകയാണ്. എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഇത്. ദേശീയ ടീമിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു, ആഗ്രഹിക്കുന്നു, എന്നും ആഗ്രഹിക്കുകയും ചെയ്യും. എന്നിലുള്ളതെല്ലാം ഞാൻ നൽകി, ഇനി നൽകാൻ എന്റെ പക്കൽ ഒന്നുമില്ല.
കൂടാതെ, ഇവിടെയെത്താൻ അർഹതയുള്ള മികച്ച യുവതാരങ്ങൾ ഉയർന്നുവരുന്നുമുണ്ട്. കഴിഞ്ഞ 20 വർഷമായി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. ഗ്രൗണ്ടിനുള്ളിൽ നിന്ന് ആ ആർപ്പുവിളികൾ കേൾക്കുന്നത് ഞാൻ ഇനി ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ ഞാൻ നിങ്ങളിൽ ഒരാളായിരിക്കും. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും എപ്പോഴും പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഒരാൾ.
ഈ മനോഹരവും എന്നാൽ പ്രയാസകരവുമായ യാത്രയിലുടനീളം എപ്പോഴും ഒപ്പമുണ്ടായിരുന്നതിന് എന്റെ കുടുംബത്തിന് നന്ദി. ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ഓരോ പരിശീലകർക്കും സഹതാരങ്ങൾക്കും ഡയറക്ടർമാർക്കും നന്ദി. മറക്കാനാവാത്ത ഓർമ്മകളും നിമിഷങ്ങളുമാണ് ഞാൻ കൂടെക്കൊണ്ടുപോകുന്നത്.
മറ്റുള്ള സഹതാരങ്ങൾക്കൊപ്പം ചേർന്ന്, നമ്മൾ ഒരിക്കൽ സ്വപ്നം കണ്ട നിമിഷങ്ങൾ നിങ്ങൾക്ക് നൽകാൻ സാധിച്ചു എന്ന സമാധാനത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ മടങ്ങുന്നത്. നിങ്ങളോടൊപ്പം ഇതെല്ലാം അനുഭവിച്ചറിയാൻ കഴിഞ്ഞത് അതീവ സന്തോഷകരമായ അനുഭവമായിരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു! ഫൈനൽ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം, ജൂലൈ 21-നാണ് ഞാൻ ഈ വരികൾ കുറിച്ചത്. എന്റെ പിതാവ്, എന്നെ വിട്ടുപോയതിന് ശേഷം, മുൻപത്തേക്കാൾ ശക്തിയായി ഈ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു.”
എന്നെ ഒരു അർജന്റീനക്കാരനാക്കിയ ദൈവത്തിന് നന്ദി.
വാമോസ് അർജന്റീന!







