ബാർസലോണ– ലാ ലിഗയിലെ ആവേശകരമായ കാറ്റിലോണിയൺ ഡെർബിയിൽ വിജയത്തോടെ ബാർസലോണ കുതിപ്പ് തുടരുന്നു. പുതുവർഷത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാർ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഗോൾ രഹിത സമനിലയിൽ കലാശിക്കും എന്ന് കരുതി മത്സരത്തിൽ അവസാന നിമിഷങ്ങളിലാണ് ബാർസ രണ്ടു ഗോളുകളും നേടിയത്. ഡാനി ഓൾമോയും റോബർട്ട് ലെവൻഡോവ്‌സ്‌കിയുമാണ് കാറ്റിലോണിയൺ ഡെർബിയിൽ വല കുലുക്കിയത്. വിജയത്തോടെ ഒന്നാമത് തുടരുന്ന ബാർസ രണ്ടാമതുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയിന്റിന്റെ ലീഡ് നേടി.
എസ്പാന്യോളിന്റെ തട്ടകത്തിൽ നടന്ന കളിയിൽ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന എസ്പാന്യോളിനെയാണ് കണ്ടത്. മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശം വച്ചത് നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ആതിഥേയർ നിരവധി തവണ ഓൺ ടാർഗറ്റിലേക്ക് ഷോട്ടുകൾ എടുത്തെങ്കിലും അവരുടെ തന്നെ മുൻതാരവും ബാർസ ഗോൾകീപ്പറുമായ ജോൺ ഗാർഷ്യ മികച്ച സേവുകളുമായി മത്സരത്തിൽ നിറഞ്ഞുനിന്നു. ഗോൾ എന്നുറച്ച രണ്ടിലധികം അവസരങ്ങളാണ് ഗാർഷ്യ തട്ടിയകറ്റിയത്.
60 മിനുറ്റിനു ശേഷം ഒൽമോ, ലെവൻഡോവ്‌സ്‌കി, ഫെർമിൻ ലോപ്പസ്, പെഡ്രി എന്നിവരെയെല്ലാം കളത്തിൽ ഇറക്കി ബാർസ കൂടുതൽ ആക്രമിച്ചു കളിച്ചു. അതിന്റെ ഫലമായി 86-ാം മിനിറ്റിൽ ലോപ്പസിന്റെ പാസ്സിൽ നിന്നും ഗോൾ നേടി ഒൽമോ അതിഥികൾക്ക് ലീഡ് നൽകി. നാലു മിനുറ്റുകൾക്ക് ശേഷം എസ്പാന്യോളിന്റെ പ്രതിരോധ കോട്ട തകർത്ത ലോപ്പസിന്റെ മുന്നേറ്റം അവസാനിച്ചത് ലെവൻഡോവ്‌സ്‌കിയുടെ ഗോളിലാണ്. മികച്ച സേവുകളുമായി നിറഞ്ഞു നിന്ന ഗാർഷ്യയാണ് കളിയിലെ താരം.
ലാ ലിഗയിൽ ബാഴ്‌സലോണയുടെ തുടർച്ചയായ ഒൻപതാം വിജയമാണിത്. ലാ ലിഗയിൽ തുടർച്ചയായ അഞ്ച് ജയങ്ങൾക്ക് ശേഷമാണ് എസ്പാന്യോളിന്റെ തോൽവി. 19 മത്സരങ്ങളിൽ 49 പോയിന്റുമായി ഒന്നാമത് തുടരുകയാണ്. രണ്ടാമതുള്ള ഒരു കളി കുറവ് കളിച്ച റയൽ 42 പോയിന്റാണ്. റയൽ ഇന്ന് റയൽ ബെറ്റിസിനെ നേരിടും.
മറ്റു മത്സരങ്ങൾ
സെൽറ്റ വിഗോ – 4 (ബോർജ ഇഗ്ലേഷ്യസ് – 33 പെനാൽറ്റി, 59/ ജോൺസ് എൽ-അബ്ദെല്ലായി – 83/ ഹ്യൂഗോ അല്‍വരസ് – 90+4)
വലൻസിയ – 1 ( പെപെലു – 70)
ഒസാസുന – 1 ( റുബേൻ ഗാർഷ്യ – 34)
അത്‌ലറ്റിക് ബിൽബാവോ – 1 ( ഗോർക്ക ഗുരുസേത – 71)
എൽഷെ – 1 ( മാർടിം നെറ്റോ – 30 )
വിയ്യ റയൽ – 3 ( ആൽബർട്ടോ മെലറിയോ – ഏഴ്/ ജോർജസ് മിക്കൗട്ടാഡ്സെ – 13/ അൽഫോൻസോ പെഡ്രാസ – 83)



