ബാഴ്സലോണ– സീസണിലെ അവസാന എൽക്ലാസിക്കോ മത്സരത്തിൽ റയലിനെ തകർത്ത് ലാലിഗ കിരീടം ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബാഴ്സ റയലിനെ തകർത്തത്. ക്യാമ്പ് നൂവിൽ നടന്ന മത്സരത്തിൽ മാർക്കസ് റാഷ്‌ഫോഡ്, ഫെറാൻ ടോറസ് എന്നിവരാണ് എതിരാളികളുടെ വല കുലുക്കിയത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിൽ എത്തിച്ചു റാഷ്‌ഫോഡ് ആതിഥേയരെ മുന്നിലെത്തിച്ചു. ഒന്നാമത്തെ ഗോളിന്റെ ആവേശം അവസാനിക്കുന്നതിന് മുമ്പ് തന്നെ അടുത്ത ഗോളും നേടി കാറ്റിലോണിയൻ ക്ലബ് വിജയം ഉറപ്പിച്ചു. മികച്ച ഒരു നീക്കത്തിലൂടെ ടോറസ് പന്ത് വല കുലുക്കിയതോടെ ബാഴ്സ വിജയം ഉറപ്പിച്ചു. മത്സരവസാനം വരെ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർമാരുടെ പ്രകടനം തുണയായി.
ഈ വിജയത്തോടെ തുടർച്ചയായ രണ്ടാമത്തെ സീസണിലും ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സ ലീഗ് കീരിടം ഉറപ്പിച്ചു. 35 മത്സരങ്ങളിൽ 91 പോയിന്റുമായി ഒന്നാമതുള്ള ബാഴ്സ രണ്ടാമതുള്ള മാഡ്രിഡിനേക്കാൾ ബഹുദൂരം മുന്നിലാണ്. 77 പോയിന്റ് മാത്രമാണ് മാഡ്രിഡിനുള്ളത്.



