ഹൂസ്റ്റൺ (ടെക്സസ്): ലോകകപ്പ് നോക്കൗട്ട് സ്റ്റേജിൽ ജപ്പാനും ബ്രസീലും തമ്മിൽ കൊമ്പുകോർക്കുമ്പോൾ അത് ചരിത്രത്തിൽ ആദ്യത്തെ സംഭവമല്ല. കൃത്യം ഇരുപത് വർഷങ്ങൾക്ക് മുൻപ്, ജർമ്മനി വേദിയായ ലോകകപ്പിലാണ് ഇരുവരും ഫുട്ബോളിലെ മഹാമേളയിൽ ആദ്യമായി നേർക്കുനേർ വന്നത്. എന്നാൽ അന്നത്തെയും ഇന്നത്തെയും സാഹചര്യങ്ങൾ തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ട്!
2006-ൽ ജപ്പാൻ തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് മാത്രം കളിക്കുന്ന തുടക്കക്കാരായിരുന്നു. മറുവശത്ത് 2002-ൽ അഞ്ചാം ലോകകിരീടം ചൂടിയ അജയ്യരായ ബ്രസീലും. അന്ന് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ ജപ്പാനെ തകർത്തുവിട്ടതിൽ അത്ഭുതമൊന്നുമില്ലായിരുന്നു. റൊണാൾഡോ, റൊണാൾഡീഞ്ഞോ, കക്ക തുടങ്ങിയ ഇതിഹാസ നിരയായിരുന്നു ബ്രസീലിനായി ബൂട്ട് കെട്ടിയത്. ജപ്പാൻ നിരയിൽ ഹിഡെതോഷി നകാതയെപ്പോലെ ചില പരിചിത മുഖങ്ങൾ ഉണ്ടായിരുന്നെങ്കിലും ശരാശരി ഫുട്ബോൾ പ്രേമികൾക്ക് അന്ന് ജപ്പാൻ ടീമിലെ ഭൂരിഭാഗം കളിക്കാരെയും അറിയില്ലായിരുന്നു.
യൂറോപ്പ് കീഴടക്കിയ ജാപ്പനീസ് കരുത്ത്
അന്ന് റയൽ മാഡ്രിഡ്, എസി മിലാൻ, ബാഴ്സലോണ, ബയേൺ മ്യൂണിക് തുടങ്ങിയ വമ്പൻ യൂറോപ്യൻ ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളായിരുന്നു ബ്രസീൽ നിരയിലുണ്ടായിരുന്നത്. ജപ്പാന്റെ ആകെയുള്ള 23 പേരിൽ 6 പേർ മാത്രമാണ് യൂറോപ്പിൽ കളിച്ചിരുന്നത്, ബാക്കി 17 പേരും അവരുടെ ആഭ്യന്തര ലീഗായ ജെ-ലീഗിൽ നിന്നുള്ളവരായിരുന്നു.
എന്നാൽ 20 വർഷങ്ങൾക്ക് ശേഷം കഥ മാറി. ഇന്നും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീം ബ്രസീലാണെങ്കിലും ആറാം കിരീടം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കൗതുകകരമായ കാര്യം, അന്ന് 2006-ൽ ലോക റാങ്കിംഗിൽ 18-ാം സ്ഥാനത്തായിരുന്ന ജപ്പാൻ ഈ ലോകകപ്പിലും 18-ാം സ്ഥാനത്താണ് എത്തിയത്. പക്ഷേ ടീമിന്റെ നിലവാരം പൂർണ്ണമായും മാറിമറിഞ്ഞു.
ഇന്ന് ജാപ്പനീസ് ടീമിലെ ഭൂരിഭാഗം താരങ്ങളും യൂറോപ്പിലെ വമ്പൻ ലീഗുകളിൽ തിളങ്ങിനിൽക്കുന്നവരാണ്. നിലവിലെ സ്ക്വാഡിൽ ജപ്പാനിലെ ആഭ്യന്തര ലീഗിൽ കളിക്കുന്നവർ വെറും 3 പേർ മാത്രമാണ് (39 കാരനായ വെറ്ററൻ താരം യുട്ടോ നാഗത്തോമോയും രണ്ട് ബാക്കപ്പ് ഗോൾകീപ്പർമാരും). പരിക്കേറ്റ് പുറത്തിരിക്കുന്ന സൂപ്പർ താരങ്ങളായ കാവോരു മിതോമ, വതാരു എൻഡോ, തകുമി മിനാമിനോ എന്നിവരില്ലാതെ തന്നെ പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ, ബുന്ദസ്‌ലിഗ, ലീഗ് 1 എന്നിവയിലെല്ലാം ജപ്പാന് പ്രതിനിധികളുണ്ട്. ഡച്ച് ലീഗിൽ ഫെയ്‌നൂർദിനായി കഴിഞ്ഞ സീസണിൽ 25 ഗോളുകൾ നേടി ടോപ് സ്കോററായ അയാസെ ഉവേദയാണ് ജപ്പാന്റെ മുന്നേറ്റനിരയെ നയിക്കുന്നത്.
ആത്മവിശ്വാസത്തോടെ ജപ്പാൻ
ബ്രസീൽ നിരയിൽ നെയ്മർ (34), വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ മഗൽഹായസ്, റഫീന്യ തുടങ്ങിയ വമ്പൻ താരങ്ങളുണ്ടെങ്കിലും ജപ്പാൻ ഒട്ടും ഭയപ്പെടുന്നില്ല. ജപ്പാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സുനേയാസു മിയാമോട്ടോ ഇഎസ്‌പിഎന്നിനോട് പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങളുടെ കളിക്കാർക്കും ടീമിനും വലിയ ആത്മവിശ്വാസമുണ്ട്, അത് ബ്രസീലിനെതിരെയാണെങ്കിൽ പോലും.”
നോക്കൗട്ടിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിനെ നേരിടേണ്ടി വന്നതിൽ ജപ്പാന് നിരാശയൊന്നുമില്ല. കാരണം ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ 1-1 ന് സമനിലയിൽ തളച്ച കരുത്തരായ മൊറോക്കോയെ നേരിടുന്നതിലും എളുപ്പമല്ല മറ്റൊന്നും. തങ്ങളുടെ ലക്ഷ്യം ലോകകപ്പ് കിരീടം മാത്രമാണെന്ന് പ്രഖ്യാപിച്ച ജപ്പാൻ, അത് നേടണമെങ്കിൽ ബ്രസീലിനെപ്പോലുള്ള വലിയ ടീമുകളെ എപ്പോഴായാലും തോൽപ്പിക്കണമെന്ന മാനസികാവസ്ഥയിലാണ്.
അവർക്ക് ആത്മവിശ്വാസം നൽകുന്ന മറ്റൊരു ഘടകമുണ്ട്; കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഒരു സൗഹൃദ മത്സരത്തിൽ ജപ്പാൻ ചരിത്രത്തിലാദ്യമായി ബ്രസീലിനെ തോൽപ്പിച്ചിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു ശക്തരായ ബ്രസീലിനെതിരെ 3-2 ന്റെ അവിശ്വസനീയ വിജയം ജപ്പാൻ പിടിച്ചെടുത്തത്.
2006 ജൂൺ 22-ന് ഡോർട്ട്മുണ്ടിൽ വെച്ച് ബ്രസീലിനോട് 4-1 ന് തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തായ ജപ്പാന് ഇത് മധുരപ്രതികാരത്തിനുള്ള അവസരമാണ്. ഇരുപത് വർഷങ്ങൾക്കും ഏഴ് ദിവസങ്ങൾക്കും ശേഷം ഹൂസ്റ്റണിൽ പന്തുരുളുമ്പോൾ, തങ്ങൾ ഫുട്ബോളിൽ എത്രത്തോളം വളർന്നു എന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് ജപ്പാൻ ഇറങ്ങുന്നത്.



