ഇക്കഴിഞ്ഞ രണ്ടുമാസങ്ങളുടെ ഇടവേളയില്‍ ബോളിവുഡില്‍ നിന്ന് ദൈവം മടക്കിവിളിച്ച പ്രതിഭാധനര്‍ നിരവധിയാണ്. പ്രസിദ്ധ അഭിനേതാക്കളായ പങ്കജ് ധീര്‍ (‘മഹാഭാരത’ ത്തിലെ കര്‍ണന്‍), സതീഷ് ഷാ, സച്ചിന്‍ ചാന്ദ് വാഡെ, പ്രസിദ്ധ ഗായികയും നടിയുമായ സുലക്ഷണ പണ്ഡിറ്റ്, സെറിന്‍ ഖാന്‍, ഹാസ്യനടന്‍ അസ്രാണി എന്നിവരൊക്കെ വിട വാങ്ങിയ മാസങ്ങളാണ് ഒക്ടോബര്‍- നവംബര്‍. ഏറ്റവുമൊടുവില്‍ സുന്ദരനായ നായകനടന്‍ ധര്‍മേന്ദ്രയും. രണ്ട് ആഴ്ച മുമ്പ് തന്റെ ‘മരണവാര്‍ത്ത’ കണ്ട് ചിരിച്ച ധര്‍മേന്ദ്ര ഇനി കാലത്തിന്റെ മറുതീരത്തേക്ക്.
മുന്നൂറിലധികം സിനിമകളിലെ അസാധാരണ വേഷപ്പകര്‍ച്ചകളിലൂടെ ലോകമെങ്ങുമുള്ള ഇന്ത്യന്‍ സിനിമയുടെ ആസ്വാദകഹൃദയങ്ങളില്‍ സിംഹാസനമുറപ്പിച്ച ധര്‍മേന്ദ്രയുടെ ജീവിതം പൂര്‍ണമായും കലയോട് സമ്പൂര്‍ണ പ്രതിബദ്ധതയുള്ള ഒരു കലാകാരന്റെതായിരുന്നു. നവതിയാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്, ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അദ്ദേഹം അവസാനശ്വാസം നിലച്ചത്.


അറുപതുകളില്‍ അഭിനയമോഹവുമായി പഞ്ചാബില്‍ നിന്ന് മുംബൈയിലെത്തിയ ധരം സിംഗ് ഡിയോള്‍ എന്ന ധര്‍മേന്ദ്രയ്ക്ക് ഇന്ത്യന്‍ സില്‍വര്‍സ്‌ക്രീന്‍ വഴിയൊരുക്കിയത് ബിമല്‍റോയ്, ഗുരുദത്ത് എന്നിവരായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ സിനിമാവാരികയായ, അന്ന് മുംബൈയ്ക്കകത്തും പുറത്തും ഹിന്ദി ചലച്ചിത്രത്തിന്റെ ആധികാരിക ജിഹ്വയായിരുന്ന ഫിലിംഫെയര്‍ വാരികയുടെ മുഖചിത്രമായി ധര്‍മേന്ദ്രയെ കണ്ടപ്പോഴാണ് ഹിന്ദി സിനിമയുടെ ഗുരുനാഥന്മാരായ ഗുരുദത്തിനും ബിമല്‍റോയിക്കും ഈ ചെറുപ്പക്കാരനെ ഇഷ്ടമായത്. 1960 ല്‍ ആദ്യചിത്രം: ദില്‍ ഹി തേരാ, ഹം ഭി തേരാ. കന്നിച്ചിത്രത്തിലൂടെ ധര്‍മേന്ദ്ര സ്ത്രീപ്രേക്ഷകരുടെ മനം കീഴടക്കി. രാജേഷ്ഖന്നയുടേയും സുനില്‍ദത്തിന്റേയും ദേവാനന്ദിന്റേയുമെല്ലാം സ്ഥാനം ധര്‍മേന്ദ്ര കൈയടക്കുകയായിരുന്നു. റൊമാന്റിക് നടന്‍ എന്ന കീര്‍ത്തിയോടൊപ്പം ഇത്രയും സ്‌നേഹനിര്‍ഭരനായൊരു കലാകാരനെ ഞങ്ങള്‍ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ എന്നായിരുന്നു ഹിന്ദി സിനിമാനിരൂപകര്‍ ധര്‍മേന്ദ്രയെ വാഴ്ത്തിയത്. അതേ വര്‍ഷം തന്നെ രണ്ടു സിനിമകള്‍ കൂടി.
1966 ല്‍ ഹിന്ദി സിനിമയുടെ ശോകപുത്രി മീനാകുമാരിയൊടൊപ്പം അഭിനയിച്ച ‘ഫൂല്‍ ഔര്‍ പഥര്‍’ എന്ന സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ധര്‍മേന്ദ്രയ്ക്കാണ് ലഭിച്ചത്. തുടര്‍ന്നങ്ങോട്ട് സൂപ്പര്‍ ഹിറ്റ് സിനിമകള്‍. രമേശ് സിപ്പിയുടെ പ്രസിദ്ധമായ ഷോലെയിലെ വീരു എന്ന കഥാപാത്രം, വില്ലന്‍ അംജദ് ഖാനുമായുള്ള സംഘട്ടനങ്ങള്‍,, ധര്‍മേന്ദ്ര അക്ഷരാര്‍ഥത്തില്‍ ബോളിവുഡ് കീഴടക്കുകയായിരുന്നു. ഋഷികേശ് മുഖര്‍ജിയുടെ ചുപ് കേ ചുപ് കേ എന്ന ചിത്രത്തില്‍ ഷര്‍മിളാ ടാഗോറായിരുന്നു നായിക. ഹഖീഖത്ത് ( സംവിധാനം ചേതന്‍ ആനന്ദ്), അനുപമ ( നസീര്‍ ഹുസൈന്‍), സീതാ ഔര്‍ ഗീത ( രമേശ് സിപ്പി), പ്രതിജ്ഞ ( ദുലാല്‍ ഗുഹ), ബന്ദിനി ( ബിമല്‍ റോയ്), ധരം വീര്‍ ( മന്‍മോഹന്‍ ദേശായ്), ദ ബേണിംഗ് ട്രെയിന്‍ ( രവി ചോപ്ര), മേരാ ഗാംവ് മേരാ ദേശ് ( രാജ് ഖോസ്ല), ജീവന്‍ മൃത്യു ( സത്യേന്‍ ബോസ്), നയാ സമാന ( പ്രമോദ് ചക്രവര്‍ത്തി), ജുഗ്‌നു ( പ്രമോദ് ചക്രവര്‍ത്തി), ഗുലാമി ( ജെ.പി. ദത്ത), ഗുഡ്ഡി ( ഋഷികേശ് മുഖര്‍ജി), ദോസ്ത് ( ഗുലാല്‍ ദുഹ), ദില്ലഗി ( ബസു ചാറ്റര്‍ജി) തുടങ്ങി മുന്നൂറോളം സിനിമകളിലാണ് അറുപത് വര്‍ഷത്തെ വൈവിധ്യം നിറഞ്ഞ അഭിനയജീവിതത്തില്‍ ധര്‍മേന്ദ്ര വ്യത്യസ്തവേഷങ്ങള്‍ കൈകാര്യം ചെയ്തത്.
എഴുപത് നായികമാരോടൊപ്പം അഭിനയിച്ച ധര്‍മേന്ദ്രയുടെ സൗന്ദര്യത്തില്‍ മയങ്ങിയവരില്‍ ജയാ ബച്ചനും മാധുരി ദീക്ഷിതുമെല്ലാമുണ്ട്. ഹേമമാലിനി പക്ഷേ ധര്‍മേന്ദ്രയുടെ മനസ്സില്‍ ആദ്യം തൊട്ടേ കുടിയേറിയിരുന്നു. 1980 ല്‍ ഹേമമാലിനി ധര്‍മേന്ദ്രയുടെ ജീവിതപങ്കാളിയായി. അഭിനയജീവിതത്തിലേക്ക് കടക്കും മുമ്പേ നാട്ടുകാരിയായ പ്രകാശ് കൗറിനെ വിവാഹം കഴിച്ചിരുന്ന ധര്‍മേന്ദ്രക്ക് ആ ബന്ധത്തില്‍ നാലു മക്കളും ഹേമമാലിനിയില്‍ ഇഷാ ഡിയോള്‍, അഹാന ഡിയോള്‍ എന്നിവരുള്‍പ്പെടെ മൊത്തം ആറു മക്കളാണുള്ളത്. ആദ്യഭാര്യയിലെ മക്കളാണ് സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജേത ഡിയോള്‍, അജീത ഡിയോള്‍ എന്നിവര്‍. ചുപ് കേ ചുപ്‌കേ എന്ന സിനിമയിലെ കോമഡി വേഷം ധര്‍മേന്ദ്രയെ വ്യത്യസ്തനാക്കി. മൃഗങ്ങളുമായുള്ള സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഡ്യൂപ്പുകള്‍ വേണ്ട എന്ന നിലപാടായിരുന്നു ധര്‍മേന്ദ്രയ്‌ക്കെന്ന് പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
2012 ല്‍ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ പുരസ്‌കാരം ധര്‍മേന്ദ്രയ്ക്ക് ലഭിച്ചു. ഇടക്കാലത്ത് രാജസ്ഥാനിലെ ബീക്കാനീറില്‍ നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗമായിരുന്നു ധര്‍മേന്ദ്ര.
കാലാതിശായിയായ സൂപ്പര്‍ഹിറ്റുകളിലെ നായകനായിരുന്നു ധര്‍മേന്ദ്ര. എക്കാലത്തേയും കംപ്ലീറ്റ് എവര്‍ഗ്രീന്‍ ആക്ടര്‍. മരണവിവരം അറിയിച്ച പ്രസിദ്ധ ചലച്ചിത്രകാരന്‍ കരണ്‍ ജോഹര്‍ ഇന്‍സ്റ്റഗ്രാമിലെഴുതി: ഇന്ത്യന്‍ സിനിമയിലെ ഒരു യുഗം അസ്തമിച്ചു. മെയിന്‍സ്ട്രീം സിനിമയിലെ സമ്പൂര്‍ണനടന്‍ വിട വാങ്ങി..
അസാമാന്യമായ സ്‌ക്രീന്‍ പ്രസന്‍സും പുരുഷരത്‌നം എന്ന മറുവാക്കിന് അനുയോജ്യനുമായിരുന്നു ധര്‍മേന്ദ്ര. പകരം വെക്കാനില്ലാത്ത ഈ നടന്റെ ഒടുവിലിറങ്ങിയ ചിത്രം തേരീ ബാത്തോം മേ ഐസാ ഉല്‍ജാ ജിയ ആയിരുന്നു. അമിതാഭ് ബച്ചന്റെ ചെറുമകനായ അഗസ്ത്യ നന്ദ നായകനായ ഇക്കിസയാണ് പുറത്തിറങ്ങാനിരിക്കുന്ന ധര്‍മേന്ദ്രയുടെ അവസാനചിത്രം. ഈ പടം ഡിസംബര്‍ 25 ന് റിലീസ് ചെയ്യുന്നത് കാണാന്‍ ധര്‍മേന്ദ്രയുണ്ടാവില്ല.



